പുന്നയൂർ: മന്ദലാംകുന്ന് ബീച്ചിൽ നാലംഗ സംഘത്തിൻ്റെ ആക്രമണം. ബന്ധുക്കളായ രണ്ടു പേർക്ക് പരിക്കേറ്റു. മന്ദലാംകുന്ന് സ്വദേശികളായ ആലുങ്ങൽ വീട്ടിൽ ഹംസക്കുട്ടി (48), തേച്ചൻ പുരക്കൻ ഷംനാദ് (44) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 9.30 ഓടെ മന്ദലാംകുന്ന് ബീച്ച് ഗേറ്റിനടുത്ത് വെച്ചായിരുന്നു സംഭവം. ബീച്ചിൽ നിന്നും വീട്ടിൽ നടന്നു പോകവെ മന്ദലാംകുന്ന് പടിഞ്ഞാറയിൽ നസീർ, സഹോദരങ്ങളായ ഷാഹുൽ, ഷഹീർ, മന്ദലാംകുന്ന് കോട്ടപ്പുറത്ത് ബാദുഷ എന്നിവർ ചേർന്നാണ് തങ്ങളെ മർദ്ദിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. മർദ്ദനത്തിനിടയിൽ തങ്ങളുടെ പക്കലുണ്ടായിരുന്ന 10,000 രൂപയും സംഘം തട്ടിയെടുത്തതായും പരിക്കേറ്റവർ ആരോപിച്ചു. മരത്തടികൾ കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. വടക്കേക്കാട് പോലീസിൽ പരാതി നൽകി.