ചാവക്കാട്: വഖഫ് ഭേദഗതി ബില്ലിനെ പാർലമെൻ്റിൽ പിന്തുണക്കുമെന്ന കോട്ടയം എം.പി ഫ്രാൻസിസ് ജോർജിൻ്റെ നിലപാട് കാലങ്ങളായി കേരള കോൺഗ്രസുകൾ വഴി യു.ഡി.എഫ്-ബി.ജെ.പി-കാസ ബന്ധങ്ങളുടെ പുതിയ ഉദാഹരണമാണെന്ന് പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മറ്റി യോഗം ആരോപിച്ചു. മുസ്ലിം ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങി വിജയിച്ച കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് മാപ്പ് അർഹിക്കാത്ത തെറ്റാണ് ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്. മുനമ്പം വിഷയത്തെ ആസ്പദമാക്കി വഖഫ് വിഷയത്തെ കൂട്ട് ചേർത്ത് സംസാരിക്കുന്നത് ആരെ പ്രീതിപെടുത്താനാണെന്നും എം.പി യുടെ ഈ വിഷയത്തിലുള്ള സമീപനത്തിൽ യു.ഡി.എഫ് നിലപാട് അറിയാൻ മതേത്വര വിശ്വാസികൾക്ക് ആഗ്രഹമുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം കബീർ മൗലവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് മനാഫ് എടക്കഴിയൂർ അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം എ.കെ കബീർ അണ്ടത്തോട്, റസാക്ക് എടക്കഴിയൂർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി വി.എച്ച് കരീം സ്വാഗതവും മണ്ഡലം ട്രഷറർ മുജീബ് പടിഞ്ഞാപ്പുറത്ത് നന്ദിയും പറഞ്ഞു.