കുന്നംകുളം: ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് പട്ടികജാതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവും കൂടാതെ 12 വർഷം തടവും 1.95 രൂപ പിഴയും ശിക്ഷ. പാലക്കാട് മുണ്ടൂർ കൊഴിഞ്ഞാമ്പാറ ഗാന്ധിനഗറിൽ വിജയി(48)യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. 2018 വർഷത്തിൽ വടക്കാഞ്ചേരിയിൽ പഠനം നടത്തിയിരുന്ന അതിജീവിതയെ ഫേസ്ബുക്കിലൂടെ ഫോറസ്റ്റ് ഓഫീസറാണെന്ന് പരിചയപ്പെടുത്തി സുഹൃത്ത് ബന്ധം സ്ഥാപിച്ച ശേഷം വശീകരിച്ച് തൃശൂർ മെഡിക്കൽ കോളേജ് പരിസരത്തുള്ള ലോഡ്ജിൽ കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്തെന്നാണ് കേസ്. വടക്കാഞ്ചേരിയിൽ വെച്ച് മിഠായിയിൽ എന്തോ ചേർത്ത് നൽകിയതോടെ അതിജീവിതക്ക് തലകറക്കം അനുഭവപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടു പോയാണ് ആദ്യം ബലാത്സംഗം ചെയ്തത്. പിന്നീട് മൊബൈലിൽ ഫോട്ടോയെടുത്തിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തുടർപീഡനം നടത്തുകയായിരുന്നു. ശേഷം അതിജീവിതയുടെ വിവാഹം വീട്ടുകാർ മറ്റൊരാളുമായി ഉറപ്പിച്ചത് അറിഞ്ഞതോടെ പ്രതി അതിജീവിതയോടൊത്തുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് വിവരം വീട്ടുകാർ അറിഞ്ഞത്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. താൻ വിവാഹിതനാണെന്നും തനിക്ക് മക്കളും ഉണ്ടെന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണ് പ്രതി അതിജീവിതയുമായി സൗഹൃദത്തിലായത് കേസിൽ 28 സാക്ഷികളെയും 53 രേഖകളും ഡി.എൻ.എ റിപ്പോർട്ടും ഹാജരാക്കി കേസിൽ ഡി.വൈ.എസ്.പി ടി.എസ് സിനോജാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.എസ് ബിനോയ് ഹാജരായി. പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി ഗ്രേഡ് എ.എസ്.ഐ എം ഗീത പ്രവർത്തിച്ചു.