ചാവക്കാട്: പാലംകടവ് പാലവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് എന്നിവർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്തിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധി സംഘം പരാതി നൽകി. പാലത്തിന്റെ അവസ്ഥയെ സംബന്ധിച്ചും വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിന് പേരുടെ യാത്രാക്ലേശം സംബന്ധിച്ചും സംഘം പരാതിയിൽ ബോധിപ്പിച്ചു. പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടറും നിർദേശം നൽകി. ഡിവിഷൻ അംഗം അഡ്വ. മുഹമ്മദ് ഗസാലിയുമായി കൂടിയാലോചനക്ക് ശേഷം, പാലം അറ്റകുറ്റപണിക്ക് ആവിശ്യമായ അധികം തുക പദ്ധതി റിവിഷനിൽ ഉൾപെടുത്തമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. അനുകൂലമായ നിലപാടാണ് ഇരുവരും സ്വീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ യോഗം ചേർന്നുണ്ടായ തീരുമാനത്തെ തുടർന്നായിരുന്നു നിവേദനം നൽകിയത്.അടുത്ത ദിവസം എൻ.കെ അക്ബർ എം.എൽ.എ ക്കും ജനപ്രതിനിധി സംഘം നിവേദനം നൽകും. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത്, ഡിവിഷൻ മെമ്പർ കെ ആഷിത, ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കയ്യുമ്മ ടീച്ചർ, കടപ്പുറം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂറലി, ഏഴാം വാർഡ് മെമ്പർ എ.വി ഗഫൂർ മഞ്ഞിയിൽ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.