കൊടുങ്ങല്ലൂർ: ബൈക്ക് യാത്രികരായ കുടുംബത്തെ കരിങ്കല്ല് കൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മതിലകം സ്വദേശി ആലിപ്പറമ്പിൽ അൽത്താഫിനെയാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 17ന് പടാകുളത്തായിരുന്നു സംഭവം. മോട്ടോർ ബൈക്കിൽ മക്കളുമൊത്ത് പോകുകയായിരുന്ന മേത്തല സ്വദേശികളായ നിതീഷ് കൃഷ്ണൻ, സുഹൃത്ത് ജീഷ്ണു എന്നിവരെയാണ് അൽത്താഫ് ആക്രമിച്ചത്. എസ്.ഐമാരായ സാലിം, സജിൽ, രാജി, പോലീസ് ഉദ്യോഗസ്ഥരായ ബിനിൽ, സുബീഷ്, ഡാൻസാഫ് അംഗങ്ങളായ എസ് ഐ പ്രദീപ്കുമാർ, ലിജു, ബിജു, നിഷാന്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കൊടുങ്ങല്ലൂർ, മതിലകം, നെടുപുഴ എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മോഷണകേസുകൾ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അൽത്താഫ്.