ചാവക്കാട്: രാത്രി 11-ന് തൃശ്ശൂരിൽനിന്ന് കാഞ്ഞാണി- പാവറട്ടി- ചാവക്കാട് വഴി ഗുരുവായൂരിലേക്ക് സർവീസ് നടത്തേണ്ട കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ചാവക്കാട് പോകാതെ പഞ്ചാരമുക്കിൽ യാത്രക്കാരെ ഇറക്കി വിട്ട് നേരെ ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്നതായി പരാതി. ഇതു സംബന്ധിച്ച് പൊതുപ്രവർത്തകൻ ഹാഷിം തിരുവത്ര മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും കെ.എസ്.ആർ.ടി.സി വകുപ്പ് അധികൃതർക്കും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ബസ് ജീവനക്കാർക്കെതിരേ വകുപ്പുതല അച്ചടക്കനടപടി സ്വീകരിച്ചുവരുന്നതായി കെ.എസ്.ആർ.ടി.സി എം.ഡി അറിയിച്ചതായി ഹാഷിം തിരുവത്ര പറഞ്ഞു. രാത്രിയിൽ വേഗം ഗുരുവായൂരിലേക്കെത്താൻ ചാവക്കാട്ടേക്കു പോകാതെ പഞ്ചാരമുക്കിൽനിന്ന് ബസ് തിരിഞ്ഞ് പോകുന്നതിനാൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ പെരുവഴിയിൽ ഇറക്കപ്പെടുന്ന സ്ഥിതിയാണ്. പഞ്ചാരമുക്കിൽനിന്ന് ചാവക്കാട്ടേക്ക് മൂന്ന് കിലോമീറ്റർ ദൂരമുണ്ട്.