ഗുരുവായൂർ: പോലീസിന് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ കാപ്പാ പ്രതിയടക്കം മൂന്നു പേർ ഗുരുവായൂരിൽ അറസ്റ്റിൽ. വടക്കേകാട് പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡിയും ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നിയമപ്രകാരം തൃശൂർ ജില്ലയിൽ പ്രവേശന വിലക്കുള്ളയാളുമായ വടക്കേകാട് കല്ലൂർ കണ്ടമ്പുള്ളി വീട്ടിൽ അക്ഷയ് (24), ചാവക്കാട് പോലീസ് സ്റ്റേഷനിലെ റൗഡിയും നിരവധി കേസുകളിലെ പ്രതിയുമായ ഒരുമനയൂർ ഒറ്റത്തെങ് കോറോട്ടു വീട്ടിൽ നിതുൽ (25), വടക്കേകാട് കല്ലൂർ വീട്ടിൽ പ്രദീപ് (20) എന്നിവരെയാണ് ഗുരുവായൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സി പ്രേമാനന്ദകൃഷ്ണന്റെ നിർദേശത്തെ തുടർന്ന് ഗുരുവായൂർ എസ്.ഐ അനുരാജിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് 4 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമ്പുരാൻപടി ഇ.എം.എസ് റോഡിനു സമീപം ഡ്യൂട്ടി ചെയ്തു വരികയായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഒരു ബൈക്കിൽ മൂന്നു പേർ അപകടകരമായി അസഭ്യം പറഞ്ഞും കൂകി വിളിച്ചും വരുന്നത് കണ്ടപ്പോൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ബൈക്ക് നിർത്താതെ പോകുന്നതിനടയിൽ പുറകിലിരുന്നയാൾ പോലീസിന് നേരെ കത്തി വീശി ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടിക്ക് തടസ്സം നിൽക്കുകയും സമീപത്തു നിന്നിരുന്ന നാട്ടുകാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അഞ്ഞൂർ നമ്പീശൻപടിയിൽ നിന്നും മൂന്ന് പ്രതികളെയും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്യാൻ ശ്രമിച്ച സമയത്തും പോലീസിന് നേരെ കത്തി വീശിയ പ്രതിയെ അതിസാഹസികമായാണ് കീഴടക്കിയത്. എസ്. ഐ കെ.എം നന്ദൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുധീർ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ കൃഷ്ണപ്രസാദ്, സിവിൽ പോലീസ് ഓഫീസർമാരായ അനസ്, സന്തീഷ്കുമാർ, ജോസ് പോൾ, ജിഫിൻ എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത് സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.