ചാവക്കാട്: കൊലക്കേസ് പ്രതിയെ കാപ്പാ നിയമ പ്രകാരം ജയിലിലടച്ചു. തൃശൂർ ജില്ലാ കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിലവിൽ ടെമ്പിൾ പോലീസ് സ്റ്റേഷനിലെ കേസ്സിലുൾപ്പെട്ട് വിയ്യൂര്‍ ജില്ലാജയിലിൽ തടവിൽ പാര്‍പ്പിച്ചിരുന്ന മണത്തല ഐനിപ്പുള്ളി പള്ളിപ്പറമ്പിൽ ഗോപിനാഥന്റെ മകൻ അനീഷിനെയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആ ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എ.സി.പി കെ.എം ബിജുവിൻ്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്പെക്ടര്‍ വി.വി വിമൽ തയ്യാറാക്കിയ കാപ്പ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജയിലിൽ അടച്ചത്. ചാവക്കാട് പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടര്‍ എഫ് ഫയാസ്, പ്രൊബേഷണൽ സബ്ബ് ഇൻസ്പെക്ടര്‍ വിഷ്ണു വി നായര്‍, ഷിഹാബ്, അനൂപ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന ചാവക്കാട് ചാപ്പറമ്പ് കൊപ്പര ബിജു വധക്കേസ്സിലെ ഒന്നാം പ്രതിയാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകൻ കൂടിയായിരുന്ന അനീഷ്. ഗുരുവായൂർ സബ് ഡിവിഷനിലെ ചാവക്കാട്, ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനുകളിലായി കൊലപാതകം, സംഘം ചേര്‍ന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുക, വധശ്രമം, ദേഹോപദ്രവം ഏൽപ്പിക്കുക തുടങ്ങിയ പൊതുസമാധാനത്തിനും, പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്നതായ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ട് പൊതുസമാധാനത്തിനും, പൊതുസുരക്ഷക്കും കടുത്ത ഭീഷണിയായി തീർന്നിട്ടുളള വ്യക്തിയാണ് അനീഷെന്നും പൊതു സമാധാനത്തിനും പൊതു സുരക്ഷക്കും ഭീഷണിയുണ്ടാക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നയാളായതിനാലാണ് “റൗഡി” എന്ന ഗണത്തിലുൾപ്പെടുത്തി അനീഷിനെതിരെ കാപ്പാ നടപടിയുണ്ടായിട്ടുള്ളതെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലായി ഗുരുവായൂർ സബ് ഡിവിഷനിലെ ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാത്രമായി പതിനാറാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പാ നിയമനടപടികൾപ്രകാരം നടപടികൾ ചുമത്തുന്നത്.