പുന്നയൂർക്കുളം: സംസ്കാര ജി.സി.സി പുന്നയൂർക്കുളത്തിന്റെ നേതൃത്വത്തിൽ നിർമിച്ച സഖാവ് വി.പി മാമു സ്മാരക ഭവൻ സമർപ്പണം തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങിൽ സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പർ എം.എ ബേബി ഉദ്ഘാടനം നിർവഹിക്കും. പുന്നയൂർക്കുളം ഉപ്പുങ്ങൽ റോഡ് പരിസരത്ത് 3.25 സെന്റ് സ്ഥലത്ത് 50 ലക്ഷം രൂപ ചെലവഴിച്ചാണ് 1450 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ മനോഹരമായ ഭവനം പണിതുയർത്തിയത്.
യു.എ.ഇ, കുവൈത്ത്, സൗദി അറേബ്യ, ഒമാൻ, ഖത്തർ, മലേഷ്യ എന്നിവിടങ്ങളിലുള്ള 157 അംഗങ്ങളുടെ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ഫണ്ട് സമാഹരണം. സമർപ്പണ ചടങ്ങിന് ശേഷം മുക്കണ്ടത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡണ്ട് അഷറഫ് അബൂബക്കർ അധ്യക്ഷത വഹിക്കും. പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൽ ഖാദർ അനുസ്മരണ പ്രഭാഷണം നടത്തും. എൻ.കെ അക്ബർ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും. സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ വി അപ്പു മാസ്റ്റർ, എ.ഡി ധനീപ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ ലീനസ്, സംസ്കാര ജി.സി.സി സ്ഥാപക പ്രസിഡണ്ട് വി പി ലത്തീഫ് തുടങ്ങി നിരവധി പേർ പങ്കെടുക്കും. തുടർന്ന് ഗസൽ ഗായകൻ അലോഷി നയിക്കുന്ന ഗസൽ സന്ധ്യയും ഉണ്ടായിരിക്കും. ഭാരവാഹികളായ സംസ്കാര ജി.സി.സി ജനറൽ സെക്രട്ടറി വി ഷെഹീൽ, ട്രഷറർ ആഷറഫ് ഊക്കയിൽ, ഓഫീസ് സെക്രട്ടറി മൂസക്കുട്ടി എ.ഇ.ഒ, സംഘാടകസമിതി ചെയർമാൻ നസീർ പുന്നൂക്കാവ്, കോർഡിനേറ്റർ രഘുനാഥ് മപ്പാല തുടങ്ങിയ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.