ചാവക്കാട്: മാലിന്യമുക്തം നവകേരളം കാമ്പയിന്റെയും സ്വച്ഛ് സർവേക്ഷൺ കാമ്പയിന്റെയും ഭാഗമായി ചാവക്കാട് നഗരസഭ ഒരുക്കിയ പുനരുപയോഗ വസ്തുക്കളുടെ കേന്ദ്രം ഉദ്ഘാടനം ചെയ്തു. സ്വച്ഛ് സന്ദേശം ആലേഖനം ചെയ്ത വാഹനങ്ങളുടെ ഫ്ലാഗ് ഓഫും ഇതോടൊപ്പം നടന്നു. നഗരസഭ ശുചിത്വ അംബാസിഡറായ പി.ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക് സ്വാഗതം പറഞ്ഞു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം, വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി ചെയർപേഴ്സൺ പ്രസന്ന രണദിവെ, മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം.ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എം. എസ് ആകാശ് നന്ദി പറഞ്ഞു. ജനപ്രതിനിധികൾ, നഗരസഭ ജീവനക്കാരും, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു. ഹരിതകർമ്മ സേന വഴി ജനങ്ങൾക്ക് പുനരുപയോഗ വസ്തുക്കളുടെ കേന്ദ്രത്തിലേക്ക് വസ്തുക്കൾ കൈമാറാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.