Thursday, January 16, 2025

ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പറയാറായിട്ടില്ല; കുടുംബാംഗങ്ങളെ വീണ്ടും ചോദ്യംചെയ്യും – പോലീസ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര അതിയന്നൂരിലെ വിവാദ സമാധിയിടം തുറന്ന് പോലീസ് പുറത്തെടുത്ത ഗോപന്‍സ്വാമിയുടെ മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. അതിനിടെ, ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമാണെന്ന് ഇപ്പോള്‍ പറയറായിട്ടില്ലെന്ന് നെയ്യാറ്റിന്‍കര എസ്.എച്ച്.ഒ എസ്.ബി.പ്രവീണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ആന്തരികാവയവങ്ങളുടെ പരിശോധന ഫലമടക്കം വന്നാലെ മരണകാരണം സംബന്ധിച്ച വ്യക്തത വരൂവെന്നും കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നും പോലീസ് അറിയിച്ചു.
ഗോപന്‍ സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും ദുരൂഹതകള്‍ മാറിയെന്നുമുള്ള കുടുംബാംഗങ്ങളുടെയും ചില സംഘടനകളുടെയും പ്രതികരണത്തിന് പിന്നാലെയാണ് പോലീസിന്റെ വിശദീകരണം.

‘നിയമപരമായ നടപടി മാത്രമാണ് പോലീസും ജില്ലാഭരണകൂടവും ചെയ്തത്. ഒരാളെ കാണാനില്ലെന്ന് പരാതി ലഭിച്ചു. കല്ലറയില്‍നിന്ന് മരിച്ച നിലയില്‍ കാണാതായ ആളെ കണ്ടെത്തി. തുടര്‍ന്ന് ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തി. മൂന്ന് തരത്തിലുള്ള പരിശോധന ഫലം ലഭിക്കാനുണ്ട്. സ്വാഭാവിക മരണമാണോ അസ്വാഭാവിക മരമണമാണോ എന്നത് ഈ ഫലങ്ങള്‍ വന്നതിന് ശേഷമേ അറിയാനാകൂ’ നെയ്യാറ്റിന്‍കര സിഐ പറഞ്ഞു.

കുടുംബാംഗങ്ങളുടെ മൊഴികളിലെ വൈരുദ്ധ്യം പോലീസ് അന്വേഷിച്ചുവരുന്നുണ്ട്. മകനടക്കമുള്ളവരുടെ മൊഴികള്‍ ഇനിയും എടുക്കുമെന്നും സിഐ കൂട്ടിച്ചേര്‍ത്തു. ഗോപന്‍ സ്വാമിയെ കുടുംബം സമാധിയിരുത്തിയെന്ന് അവകാശപ്പെടുന്ന കോണ്‍ക്രീറ്റ് അറ ഇന്ന് രാവിലെ തുറന്ന് തുടര്‍നടപടികളെടുത്തിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ്, അതിയന്നൂര്‍ കാവുവിളാകത്ത് സിദ്ധന്‍ ഭവനില്‍ ഗോപന്‍ സ്വാമി എന്നു നാട്ടുകാര്‍ വിളിക്കുന്ന മണിയന്‍ സമാധിയായെന്ന് വീട്ടുകാര്‍ പോസ്റ്റര്‍ പതിപ്പിച്ച് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്നാണ് നാട്ടുകാരടക്കം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments