മലപ്പുറം: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ഇന്‍സ്റ്റഗ്രാം റീല്‍. ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ് രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയേക്കാളും കാഴ്ചക്കാര്‍. തരംഗം സൃഷ്ടിക്കുകയാണ് മലപ്പുറം സ്വദേശി മുഹമ്മദ് റിസ്വാന്റെ വൈറല്‍ റീല്‍. നിലവിൽ 554 മില്ല്യണ്‍ വ്യൂസാണ് റീലിനുള്ളത്. ഇപ്പോഴിതാ റിസ്വാനെ ഗിന്നസ് റെക്കോഡും തേടിയെത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ പേര്‍ കണ്ട റീലെന്ന ഗിന്നസ് റെക്കോഡ് അവാര്‍ഡ് റിസ്വാന് സമ്മാനിക്കുകയും ചെയ്തു.
ലഭിച്ച ഗിന്നസ് റെക്കോഡ് പുരസ്‌കാരവുമായി നില്‍ക്കുന്ന വീഡിയോ റിസ്വാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഗിന്നസ് റെക്കോഡ് കയ്യിലേന്തി നില്‍ക്കുന്ന വീഡിയോയും നേരത്തേ വൈറലായ റീലും സംയോജിപ്പിച്ചാണ് പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഈ വീഡിയോയ്ക്കും നിലവില്‍ 194 മില്ല്യണ്‍ കാഴ്ചക്കാരുണ്ട്.
മലപ്പുറം ജില്ലയിലെ കേരളാകുണ്ട് വെള്ളച്ചാട്ടത്തിനിപ്പുറത്തുനിന്ന് വെള്ളച്ചാട്ടത്തിലേക്ക് തൊടുത്ത ഒരു ഫുട്‌ബോള്‍ ഫ്രീകിക്കാണ് വൈറലായത്. ഒരു തമാശയ്ക്ക് ചെയ്‌ത വീഡിയോ ആണെന്നാണ് അന്ന് റിസ്വാൻ ഇതേക്കുറിച്ച് പ്രതികരിച്ചത്.
‘കൂട്ടുകാരോടൊപ്പം യാത്ര ചെയ്യുമ്പോള്‍ തമാശയ്ക്ക് ചെയ്‌തൊരു വീഡിയോ ആണിത്. എടുക്കുമ്പോള്‍ അപ് ലോഡ് ചെയ്യുമെന്ന് പോലും കരുതിയിരുന്നില്ല. പിന്നെ തോന്നി ഇന്‍സ്റ്റയിലിടാമെന്ന്. പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ രണ്ട് ലക്ഷം പേര് കണ്ടുകഴിഞ്ഞിരുന്നു. തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും ഒരു മില്യണുമായി,” – അന്ന് റിസ്വാന്‍ പറഞ്ഞു. റിസ്വാന്‍ ഇതുപോലുള്ള ഒരുപാട് റീലുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിട്ടുണ്ട്. മലമുകളിലും കാറിനുമുകളിലും വെള്ളത്തിലുമെല്ലാം ഈ 21-കാരന്റെ ഫുട്‌ബോള്‍ വൈദഗ്ധ്യം കാണാം. പന്തുകൊണ്ട് മാത്രമല്ല, മൊബൈല്‍ ഫോണ്‍ കൊണ്ടും റിസ്വാന്‍ മനോഹരമായ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നു. അസാധ്യമായ പന്തടക്കമാണ് റിസ്വാന്റെ പ്രത്യേകത. യൂട്യൂബിലൂടെ വിദേശതാരങ്ങളുടെ സ്റ്റൈലുകള്‍ കണ്ട് അനുകരിച്ചാണ് റിസ്വാന്‍ ഇതെല്ലാം പഠിച്ചത്.