തൃശൂർ: തൃശൂർ ചിൽഡ്രൻസ് ഹോമിൽ 17 വയസുകാരനെ ചിൽഡ്രൻസ് ഹോമിലെ തന്നെ അന്തേവാസിയായ 15 കാരൻ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. യു.പിയിൽ നിന്നും ഇരിങ്ങാലക്കുടയിൽ താമസമാക്കിയ അങ്കിത്ത് ആണ് കൊല്ലപ്പെട്ടത്. രാമവർമ്മപുരത്തെ ചിൽഡ്രൻസ് ഹോമിൽ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ഇന്നലെ രാത്രി ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നതായി പറയുന്നു. തുടർന്ന് ഇന്നു രാവിലെ വീണ്ടും തർക്കം ഉണ്ടാവുകയും അങ്കിത്തിനെ പ്രതി തലക്കടിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ അങ്കിത്തിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചിൽഡ്രൻസ് ഹോമിലെ കെയർടേക്കർമാർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 2023 മുതൽ തൃശൂർ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയാണ് അങ്കിത്. കൊല നടത്തിയ 15 കാരൻ ഒരുമാസം മുൻപാണ് ചിൽഡ്രൻസ് ഹോമിലെത്തിയത്.