Friday, January 17, 2025

പത്തനംതിട്ട പീഡനം; അറസ്റ്റിലായവരുടെ എണ്ണം 44 ആയി

പത്തനംതിട്ട: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആകെ 58 പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെയെല്ലാം വൈകാതെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പുതിയ അറസ്റ്റുണ്ടായിരിക്കുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ ദീപു എന്നയാള്‍ വഴിയാണ് ചൊവ്വാഴ്ച അറസ്റ്റിലായ യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നിലവില്‍ 30-ഓളം എഫ്.ഐ.ആറുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ടൗണ്‍, കോന്നി, റാന്നി, മലയാലപ്പുഴ, പന്തളം സ്റ്റേഷനുകളിലാണ് ഈ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പത്തനംതിട്ട പോലീസ് എടുത്ത ഒരു കേസ് തുടരന്വേഷണത്തിനായി തിരുവനന്തപുരം കല്ലമ്പലം പോലീസിന് കൈമാറി.

62 പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതുവരെ 58 പ്രതികളെയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബാക്കി നാലുപേര്‍ക്കെതിരേ വ്യക്തമായ വിവരങ്ങള്‍ കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. പിടിയിലാകാനുള്ളവരില്‍ ഒരു പ്രതി വിദേശത്താണ്. ഇയാളെ അറസ്റ്റു ചെയ്യുന്നതിന് വേണ്ടിവന്നാല്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പോലീസ് പറഞ്ഞു.

പീഡനം നേരിട്ട പെണ്‍കുട്ടിയെ കഴിഞ്ഞദിവസം ബാലാവകാശ കമ്മിഷന്‍ അംഗം എന്‍. സുനന്ദ സന്ദര്‍ശിച്ചു. കുട്ടിക്ക് ആവശ്യമായ വൈദ്യസഹായം നല്‍കുന്നുണ്ട്. ആശ്വാസനിധിയില്‍നിന്ന് സഹായധനം അനുവദിക്കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും സുനന്ദ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments