ഗുരുവായൂർ: ചൊവ്വല്ലൂർ ശിവക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിൻ്റെ സമാപന ദിവസമായ ഇന്ന് പട്ടും താലിയും ചാർത്താൻ അഭൂതപൂർവ്വമായ തിരക്ക്. പുലർച്ചെ മൂന്നിന് നട തുറന്നപ്പോൾ സർവ്വാഭരണ വിഭൂഷിതയായ പാർവ്വതിദേവിയെ തൊഴാൻ എത്തിയവരുടെ തിരക്ക് തുടങ്ങി. രാവിലെ5.30 ന് ആരംഭിച്ച പട്ടും താലിയും ചാർത്തൽ വഴിപാട് ഉച്ചക്ക്1.30 വരെ നീണ്ടു. വൈകിട്ട് 5 മുതൽ രാത്രി 8 മണി വരെയാണ് വഴിപാടിനുള്ളസമയം. ക്ഷേത്രത്തിൽ അഷ്ടപദി വേദജപം,വേളി ഓത്ത്,ബ്രാഹ്മണിപ്പാട്ട് എന്നിവക്കു പുറമെ നാലു മണിക്കൂറോളം പുള്ളുവൻപാട്ടും ഉണ്ടായി. ക്ഷേത്രത്തിലെത്തിയർക്കു മുഴുവൻ വിപുലമായ അന്നദാനവുമുണ്ടായി. തിരുവാതിര വ്രതമനുഷ്ഠിക്കുന്നവർക്ക് പ്രത്യേക സൗകര്യങ്ങളും ഉണ്ടായിരുന്നു. സന്ധ്യക്ക് ആറ് സംഘങ്ങളുടെ തിരുവാതിര കളിയുണ്ട്. വഴിപാട് ശീട്ടാക്കിയവരിൽ നേരിട്ട് എത്താൻ കഴിയാത്തവർക്കു വേണ്ടി പട്ടും താലിയും മഹാസമർപ്പണമെന്ന ചടങ്ങ് രാത്രി 9 മണിക്ക് നടക്കും. ഭജന, വാദ്യഘോഷം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രം വലം വെച്ച് പാർവ്വതിദേവിക്ക് സമർപ്പിക്കുന്നതോടെ ഈ വർഷത്തെ തിരുവാതിര മഹോത്സവം സമാപിക്കും.