തൃശ്ശൂർ: ഒല്ലൂർ ചീരാച്ചിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വയോധികരായ രണ്ട് സ്ത്രീകൾ മരിച്ചു. ചിയാരം വാകയിൽ റോഡ് സ്വദേശികളായ പൊറാട്ടുകര വീട്ടിൽ ദേവസിയുടെ ഭാര്യ 72 വയസ്സുള്ള എൽസി, പൊറാട്ടുകര വീട്ടിൽ റാഫേലിന്റെ ഭാര്യ 73 വയസ്സുള്ള മേരി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു അപകടം. ചിയാരം ഗലീലി പള്ളിയിലേക്ക് കുർബാനയ്ക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ആയിരുന്നു അപകടം. തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് പോയിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചു. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്കായി ഇരുവരുടെയും മൃതദേഹങ്ങൾ തൃശ്ശൂർ ജില്ല ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.