Saturday, January 18, 2025

മക്കള്‍ ‘സമാധി’ ഇരുത്തി; നെയ്യാറ്റിൻകരയിൽ വയോധികന്റെ മരണത്തില്‍ ദുരൂഹത; മൃതദേഹം പുറത്തെടുക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആറാലുമൂട്ടില്‍ വയോധികന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത്. ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി (81) സമാധിയായി എന്നാണ് അദ്ദേഹത്തിന്റെ മക്കള്‍ പറയുന്നത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പോസ്റ്റുമോര്‍ട്ടം നടത്തണം എന്നും ആവശ്യമുയര്‍ന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഗോപന്‍ സ്വാമിയെ ‘സമാധി’ ഇരുത്തിയത് എന്നാണ് മക്കളുടെ പ്രതികരണം. എന്നാല്‍, മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും എന്നാണ് വിവരം.

വര്‍ഷങ്ങളായി വീടിനോട് ചേര്‍ന്ന് ഒരു ശിവക്ഷേത്രം പണിഞ്ഞ് പൂജാ കര്‍മ്മങ്ങള്‍ ചെയ്തു വരികയായിരുന്നു മരിച്ച ഗോപന്‍ സ്വാമി. നാട്ടില്‍ ഗോപന്‍ സ്വാമി എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. മൂന്ന് മാസങ്ങള്‍ക്കുമുമ്പ് അസുഖബാധിതനായതോടെ നാട്ടുകാരില്‍ ചിലരോടും വാര്‍ഡ് മെമ്പറോടും ‘ഞാന്‍ മരണപ്പെടുമ്പോള്‍ എന്നെ സമാധി ആക്കണം’ എന്ന് ഇദ്ദേഹം അറിയിച്ചിരുന്നതായാണ് വിവരം. ഭാര്യയോടും മക്കളോടും ഇതേ ആവശ്യം അറിയിച്ചിരുന്നതായി അവരും പറയുന്നു.

സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധിപണിയുകയും ചെയ്തിരുന്നു. താന്‍ മരണപ്പെട്ടതിനുശേഷം ഈ സ്ഥലത്ത് സമാധി ആക്കണമെന്നും അതിനുശേഷം മാത്രമേ നാട്ടുകാരെ അറിയിക്കാന്‍ പാടുള്ളൂ എന്നും ഗോപന്‍ സ്വാമി ഭാര്യയോടു മക്കളോടും പറഞ്ഞിരുന്നതായാണ് അവര്‍ പറയുന്നത്.

‘ശിവനെ ആരാധിക്കുന്നതിനാല്‍ ഇപ്രകാരം ചെയ്താല്‍ മാത്രമേ ദൈവത്തിന്റെയടുത്ത് പോകാനാകൂ’ എന്ന വിശ്വാസമാണ് പിതാവിന് ഉണ്ടായിരുന്നതെന്നും അതുകൊണ്ടാണ് നാട്ടുകാരെയും വാര്‍ഡ് മെമ്പറെയും പോലും അറിയിക്കാതെ ‘സമാധി’ ചടങ്ങുകള്‍ നടത്തിയത് എന്നുമാണ് ഗോപന്‍ സ്വാമിയുടെ രണ്ടുമക്കളും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ ഗോപന്‍ സ്വാമി മരണപ്പെടുകയും അതിനുശേഷം രാത്രിയോടെ മരണാന്തര ചടങ്ങുകള്‍ ചെയ്തു സമാധി ആക്കിയെന്നുമാണ് മക്കള്‍ മാധ്യമപ്രവര്‍ത്തകരോടും പറയുന്നത്. അതേസമയം, രാജസേനന്‍, സനന്തന്‍ എന്നീ രണ്ട് ആണ്‍മക്കളും മരണപ്പെട്ട സ്വാമിയുടെ ഭാര്യ സുലോചനയും മരുമകളും മാത്രമാണ് മരണാന്തര ചടങ്ങുകള്‍ ചെയ്യാന്‍ ഉണ്ടായിരുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments