കുറ്റിപ്പുറം: ഹണി ട്രാപ്പിലൂടെ യുവാവിന്റെ 10 ലക്ഷത്തോളം രൂപ കവർന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് അസം സ്വദേശികളെ കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തു. യാസ്മിൻ ആലം (19), ഖദീജ കാത്തൂൻ (21) എന്നിവരെയാണ് തങ്ങൾപടിയിലെ സ്വകാര്യ ലോഡ്ജിൽനിന്ന് വെള്ളിയാഴ്ച പിടികൂടിയത്.
എടപ്പാളിലെ ഒരു മൊബൈൽ ഫോൺ വിൽപ്പന കേന്ദ്രത്തിൽ ജോലി ചെയ്യുന്ന യുവാവിൽനിന്നാണ് ഇവർ പണം തട്ടിയെടുത്തത്. ഇയാൾ നേരത്തെ മുംബൈയിലായിരുന്നു. ഹിന്ദി സംസാരിക്കാൻ അറിയാം. മൊബൈൽഫോൺ വിൽപ്പന കേന്ദ്രത്തിൽ വന്നിരുന്ന യാസ്മിൻ ആലവുമായി യുവാവാണ് കാര്യങ്ങൾ സംസാരിച്ചിരുന്നത്.
യാസ്മിൻ ആലവുമായി സൗഹൃദത്തിലായതിന്റെ മറവിൽ യുവാവിനെ താമസസ്ഥലത്തേക്കു വരുത്തി സുഹൃത്തായ ഖദീജ കാത്തൂനെ ഉപയോഗിച്ച് ഹണി ട്രാപ്പിൽപ്പെടുത്തിയെന്നാണ് പരാതി. യുവാവും ഖദീജയുമൊത്തുള്ള ദൃശ്യങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തിയ യാസ്മിൻ പിന്നീട് യുവാവിനെ ഭീഷണിപ്പെടുത്തി പലതവണ പണം തട്ടിയെടുക്കുകയായിരുന്നു.
അക്കൗണ്ടിലുണ്ടായിരുന്ന പത്തു ലക്ഷത്തോളം രൂപ തീർന്നതോടെ യുവാവ് ബെംഗളൂരുവിലുള്ള സഹോദരിയോടു പണം ആവശ്യപ്പെട്ടു. ഇതോടെയാണ് വീട്ടുകാർ കാര്യം അറിയുന്നതും പിന്നീട് കുറ്റിപ്പുറം പോലീസിൽ പരാതി നൽകുന്നതും. പിടിയിലായവരിൽനിന്ന് മൊബൈൽ ഫോണുകളും ഭീഷണിപ്പെടുത്താനായി ചിത്രീകരിച്ച വീഡിയോകൾ, ഫോട്ടോകൾ, ബാങ്ക് അക്കൗണ്ട്സ് വിവരങ്ങൾ എന്നിവയും പോലീസ് കണ്ടെടുത്തു. പോലീസ് ഇൻസ്പെക്ടർ കെ. നൗഫൽ, പ്രിൻസിപ്പൽ എസ്.ഐ. എ.എം. യാസിർ, എസ്.ഐ. ശിവകുമാർ, എ.എസ്.ഐ.മാരായ സുധാകരൻ, സഹദേവൻ, എസ്.സി.പി.ഒ.മാരായ ആന്റണി, വിപിൻ സേതു, അജി ക്രൈസ്റ്റ്, സി.പി.ഒ. മാരായ സരിത, അനിൽകുമാർ, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.