കടപ്പുറം: വേതന വർധനക്ക് മൊത്ത കച്ചവടക്കാർ തയ്യാറാകാത്തതിനാൽ വേതനം വാങ്ങാതെ പണിയെടുത്ത് വേദനത്തിന്റെ നിരക്ക് കൂട്ടി കൊണ്ടുള്ള കണക്ക് കാണിച്ചു മുനക്കകടവ് ഹാർബറിലെ തൊഴിലാളികൾ 2024 ഡിസംബർ 31 ന് ഹാർബറിലെ തരകന്‍സ് അംഗങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു.
ജനുവരി 7 മുതൽ നിരക്ക് വർധനവ് പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചു കൊണ്ടായിരുന്നു നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ഏഴാം തീയതി ഈ കണക്ക് പ്രകാരം മൊത്ത കച്ചവടക്കാർ തൊഴിലാളികൾക്ക് കൂടുതൽ വേതനം നൽകിയെങ്കിലും തൊട്ടടുത്ത ദിവസം ഈ തുക നൽകാൻ സാധിക്കില്ലെന്ന് തൊഴിലാളികളെ അറിയിച്ചു. ഇതോടെ ഹാർബറിൽ വെച്ച് മൊത്ത കച്ചവടക്കാരും തൊഴിലാളികളും തമ്മിൽ ചർച്ച നടത്തിയെങ്കിലും പരിഹാരം ആയില്ല. ഇതിനെ തുടർന്നാണ് തൊഴിലാളികൾ വേതനം വാങ്ങിക്കാതെ പണിയെടുത്ത്. ഒരു പെട്ടി മൽസ്യം പേക്കിംഗ്, ലോഡിംഗ് ഉൾപ്പടെ ഇപ്പോൾ 60 രൂപയാണ് നിലവിലെ തുക. ഇത് 65 രൂപയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 4 വർഷത്തോളമായി 60 രൂപയാണ് വാങ്ങിക്കുന്നത്. ഇത് കൂട്ടണമെന്നാണ് തൊഴിലാളികളുടെ ന്യായമായ ആവശ്യം. കൂടാതെ തൊട്ടടുത്ത ഏങ്ങണ്ടിയൂർ ഹാർബറിൽ ഇപ്പോൾ 65 രൂപയാണ് പ്രതിഫലം. തീരുമാനമാകാത്തതിനാൽ കഴിഞ്ഞ ദിവസം തങ്ങൾ ആവശ്യപ്പെട്ട നിരക്കിൽ തൊഴിലാളികൾ മൊത്തക്കച്ചവടക്കാർക്ക് ബില്ല് നൽകി. വർദ്ധനവ് അംഗീകരിക്കാൻ ആവില്ലെന്ന് കച്ചവടക്കാർ നിലപാടെടുത്തതോടെയാണ് വേതനം വാങ്ങാതെ തൊഴിലാളികൾ പണിയെടുത്തത്.
മുനക്കക്കടവ് ഹാർബറിൽ 40 ലധികം തൊഴിലാളികളാണുള്ളത്. വേതനം ഇല്ലാത്തതിനാൽ ഇവർ പ്രതിസന്ധിയിലാണ്. അധിക സമയം ജോലി ചെയ്യുമ്പോൾ അധിക വേതനം വാങ്ങിക്കാറില്ലെന്നും തൊഴിലാളികൾ പറഞ്ഞു. ചാവക്കാട് ലേബർ ഓഫീസറോട് തൊഴിലാളികൾ പരാതി അറിയിച്ചു. ഹാർബറിൽ പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ വേതന വർദ്ധനവിൽ തീരുമാനമുണ്ടാകും വരെ വേതനം വാങ്ങേണ്ട എന്ന് തീരുമാനത്തിലാണ് തൊഴിലാളികൾ.