തിരുവനന്തപുരം: പതിവുതെറ്റിച്ചില്ല, പരാതികള്‍ക്കു മുട്ടില്ലാതെ ഇത്തവണയും സംസ്ഥാന സ്കൂൾ കലോത്സവം ‘ ആദ്യദിനത്തില്‍ സംഘാടകസമിതിയുടെ കണക്കിലുള്ളത് 217 അപ്പീലുകള്‍. ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ വഴിയുള്ള അപ്പീല്‍ നേരത്തെ കണക്കില്‍ 148 ആയിരുന്നെങ്കില്‍ കലോത്സവം തുടങ്ങിയ ശനിയാഴ്ച 163 ആയി ഉയര്‍ന്നു. കോടതികള്‍ വഴി 53 അപ്പീലുകളുമെത്തി.
ഹൈക്കോടതി-28, മുന്‍സിഫ് കോടതി-ഒന്‍പത്, ജില്ലാകോടതി-ആറ്, ലോകായുക്ത – പത്ത് എന്നിങ്ങനെയാണ് കോടതി വഴിയുള്ള അപ്പീലുകള്‍. ബാലാവകാശ കമ്മിഷന്‍ വഴി ഒരിനവുമെത്തി. ഇങ്ങനെ, മുന്‍കൂര്‍ പട്ടികയില്‍നിന്നു വ്യത്യസ്തമായി 217 അധിക ഇനങ്ങള്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തേണ്ടിവന്നു. ഡി.ഡി. തലത്തില്‍നിന്നുള്ള അപ്പീലുകള്‍ മാത്രമേ മുന്‍കൂര്‍ ലഭിക്കൂ.
കോടതിവഴിയും മറ്റുമുള്ളവ രജിസ്ട്രേഷന്‍ വേളയിലാണ് വരുന്നത്. അതിനാല്‍, അപ്പീലുകള്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് സംഘാടകസമിതിയുടെ കണക്കുകൂട്ടല്‍.