തിരുവനന്തപുരം : ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തി. കലോത്സവ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരവും അരങ്ങേറി.
മന്ത്രിമാരായ ജി.ആര്‍.അനില്‍, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, കലക്ടര്‍ അനുകുമാരി, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിജയമല്ല പങ്കെടുക്കലാണ് പ്രധാനപ്പെട്ട കാര്യമെന്ന് മത്സരാര്‍ഥികളോടു മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മത്സരാര്‍ഥികള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് 1500 രൂപയായി വര്‍ധിപ്പിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.