Friday, January 24, 2025

മരണം വരെ സംഭവിക്കാവുന്ന വീഴ്ച വരുത്തി; നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ ജാമ്യമില്ലാ വകുപ്പ്

കൊച്ചി: കലൂർ ജവഹർ ലാൽ നെഹ്രു സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിയ്ക്കിടെയുണ്ടായ അപകടത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തു എന്ന വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്. ദുര്‍ബല വകുപ്പുകള്‍ ചുമത്തുന്നുവെന്നു വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് പോലീസിന്റെ നടപടി. സംഘാടകര്‍ക്കെതിരെ പോലീസ് ആദ്യം ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു.

അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മരണം വരെ സംഭവിക്കാവുന്ന വീഴ്ച വരുത്തിയതിനാണ് മൃദംഗ വിഷന്‍ സി.ഇ.ഒ. ഷമീര്‍, പന്തല്‍ നിര്‍മാണ ജോലികള്‍ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഇവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽനിന്നു വീണാണ് ഉമാ തോമസ് എം.എൽ.എ.യ്ക്ക് ഗുരുതര പരിക്കേൽക്കുന്നത്. പരിപാടി തുടങ്ങുന്നതിനു മുൻപ് ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. വേദിയിലെ കസേരയിലിരുന്നശേഷം പരിചയമുള്ള ഒരാളെക്കണ്ട് മുന്നോട്ടു നടക്കുന്നതിനിടെ അരികിലെ താത്‌കാലിക റെയിലിലെ റിബ്ബണിൽ പിടിച്ചപ്പോൾ നിലതെറ്റി വീഴുകയായിരുന്നു. കോൺക്രീറ്റ് സ്ലാബിലേക്ക്‌ തലയടിച്ചാണ് വീണത്. ഉടൻ ആംബുലൻസിൽ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments