ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജില്ലാ ആശുപത്രി സൂപ്രണ്ടിനെതിരെ നവമാധ്യമങ്ങളിലൂടെ നടക്കുന്ന അസത്യപ്രചാരണങ്ങൾക്കെതിരെ കെ.ജി.എം.ഒ.എ രംഗത്ത്. സൂപ്രണ്ട് മാനസികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ഡെപ്യൂട്ടി നഴ്സിങ്ങ് സൂപ്രണ്ട് നടത്തിയ ആത്മഹത്യാശ്രമത്തിനെ തുടർന്ന് ആശുപത്രി സൂപ്രണ്ടിനെതിരെ നടക്കുന്നത് തെറ്റായ വാർത്തകളാണെന്ന് കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റി പറഞ്ഞു. ക്രിസ്തുമസിനോടനുബന്ധിച്ച് മൂന്നു ദിവസം ലീവിനപേക്ഷിച്ച ഡപ്യൂട്ടി നഴ്സിങ്ങ് സൂപ്രണ്ട് സ്റ്റാഫിൻ്റെ എണ്ണക്കുറവ് പരിഗണിച്ച് രണ്ടു ദിവസത്തെ അവധി മാത്രം സൂപ്രണ്ട് അനുവദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് ആരംഭം കുറിച്ചത്. അവധി അനുവദിക്കാതിരുന്ന ദിവസം കൂടി നഴ്സ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതോടെ സൂപ്രണ്ട് നഴ്സിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയായിരുന്നു. എന്നാൽ നോട്ടീസിന് തൃപ്തികരമായ മറുപടി നൽകാതിരുന്ന നഴ്സിനോട് 28-ാം തിയതി കമ്മറ്റിയ്ക്ക് മുൻപിൽ ഹാജരായി കാരണം ബോധിപ്പിക്കാൻ നിർദ്ദേശം നൽകി. സൂപ്രണ്ട്, ലേ സെക്രട്ടറി, നഴ്സിംഗ് സൂപ്രണ്ട് തുടങ്ങി 6 പേരടങ്ങിയ കമ്മറ്റിയ്ക്ക് മുൻപിൽ ഹാജരായ ഡപ്യൂട്ടി നഴ്സിങ്ങ് സൂപ്രണ്ട്, സൂപ്രണ്ടിനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും കൈയിൽ കരുതിയിരുന്ന ഏതാനും രക്ത സമ്മർദ്ദത്തിനുള്ള ഗുളികകൾ കഴിക്കാൻ ശ്രമിക്കുകയുമായിരുന്നു. ആത്മഹത്യാ ശ്രമം തടഞ്ഞ കമ്മിറ്റി അംഗങ്ങൾ നേഴ്സിനെ ഉടൻ തന്നെ കാഷ്വാൽറ്റിയിലെത്തിച്ച് ആവശ്യമായ പ്രാഥമിക ചികിത്സ നൽകുകയും വിട്ടയയ്ക്കുകയുമാണ് ചെയ്തത്. സ്ഥാപനത്തിൽ ആവശ്യമായ സ്റ്റാഫ് ക്രമീകരണം നടത്തി ആശുപത്രിയുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തേണ്ടത് ആശുപത്രി സൂപ്രണ്ടിൻ്റെ കർത്തവ്യമാണെന്നിരിക്കെ ഭീഷണികളിലൂടെയും ആത്മഹത്യ ശ്രമങ്ങൾ നടത്തിയും സ്ഥാപന മേധാവികളെ സമ്മർദ്ദത്തിലാക്കുകയും അനധികൃതമായി ഡ്യൂട്ടിയിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്യുന്ന പ്രവണത ആശുപത്രികളുടെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ലീവ് അനുവദിക്കുന്നത് ആശുപത്രിയുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തിക്കൊണ്ടാകണം എന്ന ചട്ടം കൃത്യമായി പാലിച്ചു എന്ന ഒറ്റക്കാരണത്താൽ ആശുപത്രി സൂപ്രണ്ടിനെതിരെ അസത്യവാർത്തകൾ പ്രചരിപ്പിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്നും നിയമലംഘനം നടത്തുകയും അനധികൃതമായി ജോലിയിൽ നിന്നും വിട്ടു നിൽക്കുകയും മേലധികാരിയെ അധിക്ഷേപിച്ചു സംസാരിക്കുകയും ചെയ്ത നഴ്സിനെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.ജി.എം.ഒ.എ തൃശ്ശൂർ ജില്ല പ്രസിഡൻ്റ് ഡോ.ബിനോജ് ജോർജ് മാത്യു, ജില്ലാ സെക്രട്ടറി ഡോ.ജിൽഷോ ജോർജ്, താലൂക്ക് കൺവീനർ ഡോ. അജിത് തോമസ്, സൂപ്രണ്ട് ഡോ.ശിവദാസ് , ആശുപത്രി റിപ്രെസെന്ററ്റീവ് ഡോ ജിത എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും ഇരിങ്ങാലക്കുട താലൂക്കിലെയും, കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റിയിലെയും ഡോക്ടർമാർ യോഗത്തിൽ പങ്കെടുത്തു.