ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് രാജ്യം ഇന്ന് വിട നൽകും. രാവിലെ 11.45ന് നിഗംബോധ്ഘാട്ടിലാണ് അന്ത്യകർമം. മൻമോഹൻ സിങ്ങിന്റെ സ്മാരകത്തിനുള്ള സ്ഥലം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
മോത്തിലാൽ മാർഗിലെ മൂന്നാം നമ്പർ ഔദ്യോഗിക വസതിയിൽനിന്നും രാവിലെ എട്ടോടെ മൃതദേഹം കോൺഗ്രസ് ആസ്ഥാനത്തേക്ക് മാറ്റും. തുടർന്ന് നിഗം ബോധ്ഘാട്ടിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോകും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഒരാഴ്ച രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തും ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
സർക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. അന്ത്യകർമങ്ങൾക്കും സംസ്കാരത്തിനും ഒരേ സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത് നൽകി. സ്മാരകം നിർമിക്കാനുള്ള സ്ഥലം അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ട്.