ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിലുള്ള വിളക്ക് ലേലത്തിന് തുടക്കമായി. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്/പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും ഭക്തർക്ക് ലേലത്തിലൂടെ സ്വന്തമാക്കാം. കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഭദ്രദീപം തെളിയിച്ച് വിളക്ക് ലേലം ഉദ്ഘാടനംചെയ്തു. സ്റ്റോക്ക് തീരുന്നതുവരെ തുടർ ദിവസങ്ങളിലും ലേലം തുടരും. ദിവസവും രാവിലെ 7 മുതൽ രാത്രി 10മണി വരെ തുടർച്ചയായി ലേലം നടക്കും. ദേവസ്വം ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, വി.ജി രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ടേറ്റർ കെ.പി വിനയൻ, ഡി.എ കെ.എസ് മായാദേവി, മാനേജർ വി.സി സുനിൽകുമാർ, മറ്റു ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.