ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി മുസ്ലീം ലീഗ് അംഗം മന്ദലാംകുന്ന് മുഹമ്മദുണ്ണിയെ തെരഞ്ഞെടുത്തു. യു.ഡി.എഫ് ധാരണ പ്രകാരം കോൺഗ്രസ് അംഗം കുഞ്ഞുമുഹമ്മദ് തെക്കുമുറി രാജിവെച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. കുഞ്ഞുമുഹമ്മദ് തെക്കുമുറിയാണ് മന്ദലാംകുന്ന് മുഹമ്മദുണ്ണിയുടെ പേര് നിർദ്ദേശിച്ചത്. സി.വി സുബ്രഹ്മണ്യൻ പിന്താങ്ങി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഷൈനി ഷാജിയെ ഫാത്തിമ ലീനസ് നിർദ്ദേശിച്ചു. ഗ്രീഷ്മ ഷനോജ് പിന്താങ്ങുകയും ചെയ്തു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ മംന്ദലാംകുന്ന് മുഹമ്മദുണ്ണിക്ക് ഏഴും ഷൈനി ഷാജിക്ക് ആറും വോട്ടുകൾ ലഭിച്ചു. റിട്ടേണിംഗ് ഓഫീസർ സീമ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തുടർന്ന് മന്ദലാംകുന്ന് മുഹമ്മദുണ്ണി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ മരണത്തെ തുടർന്നുള്ള ദുഃഖാചരണം നിലവിലുള്ളത് കൊണ്ട് അനുമോദന യോഗം മാറ്റി വെച്ചു. തുടർന്ന് മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.