ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ അനുശോചിച്ച് രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച പകുതി ദിവസത്തെ അവധിയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2025 ജനുവരി ഒന്ന് വരെയാണ് ദുഃഖാചരണം. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക താഴ്ത്തിക്കെട്ടും.
തെലങ്കാനയും കര്‍ണാടകയും ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കിയിരുന്നു. കോണ്‍ഗ്രസും ഏഴുദിവസത്തേക്ക് ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി.
ന്യൂഡല്‍ഹി എയിംസില്‍ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യം. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ ഡല്‍ഹി മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലുള്ള വസതിയിലാണ് ഭൗതികശരീരം. നാളെ രാവിലെ എട്ട് മണിക്ക് എ.ഐ.സി.സി. ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം 9.30-ഓടെ സംസ്‌കാരച്ചടങ്ങുകളാരംഭിക്കും.