ബാംഗ്ലൂർ: സംഘടനാതലത്തില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. ബൂത്തുതലംമുതല്‍ പാര്‍ട്ടിയുടെ മുകള്‍ത്തട്ടുവരെ കാര്യമായ പുനഃസംഘടന വേണമെന്ന് ബെലഗാവിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.
”2025 പുനഃസംഘടനാവര്‍ഷമായി ആചരിക്കും. സംഘടനയുടെ എല്ലാതലത്തിലും നേതൃമാറ്റമുണ്ടാവും” -കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുള്ള പത്രസമ്മേളനത്തില്‍ വേണുഗോപാല്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന ഡല്‍ഹി, ബിഹാര്‍, കേരളം, ബംഗാള്‍, തമിഴ്നാട്, ത്രിപുര സംസ്ഥാനങ്ങളില്‍ മുന്‍ഗണനാക്രമത്തില്‍ പുനഃസംഘടനയുണ്ടാവണമെന്നും പ്രവര്‍ത്തകസമിതി യോഗം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികവേളയില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി അടുത്ത 13 മാസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് റാലികളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. ബി.ജെ.പി. ഉയര്‍ത്തുന്ന ഹിന്ദുത്വവത്കരണത്തിനെതിരേ ഭാരത് ജോഡോയാത്ര മാതൃകയില്‍ മൂന്നാംയാത്ര സംഘടിപ്പിക്കും.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചതിനെത്തുടര്‍ന്ന് ഇന്ന് ബെലഗാവിയില്‍ നടത്താനിരുന്ന പൊതുസമ്മേളനവും റാലിയും മാറ്റിവെച്ചതായി സംഘാടകസമിതി ചെയര്‍മാനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ അറിയിച്ചു.