ചാവക്കാട്: പാലയൂർ സെൻ്റ് തോമസ് മേജർ ആക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന കരോൾ ഗാനം തടഞ്ഞ ചാവക്കാട് എസ്.ഐയുടെ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് നാളെ മുഖ്യമന്ത്രിയെ കാണുമെന്ന് എൻ.കെ അക്ബർ എം.എൽ.എ. വിവരം അറിഞ്ഞ ഉടൻതന്നെ തൃശൂർ സിറ്റി പോലീസ് കമ്മിഷണറെ ബന്ധപ്പെട്ടിരുന്നു. സംഭവത്തിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതായി എം.എൽ.എ സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ രാത്രി 9.30 ഓടെയാണ് പാലയൂർ പള്ളി വളപ്പിൽ അരങ്ങേറിയ കരോൾ ഗാനം ചാവക്കാട് എസ്.ഐ വിജിത്ത് കെ വിജയൻ്റെ നേതൃത്വത്തിൽ പോലീസ് എത്തി തടഞ്ഞത്. പരിപാടിക്ക് അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞായിരുന്നു പോലീസ് നടപടി. നിർദേശം ലംഘിച്ച് കരോൾ പാടിയാൽ തൂക്കിയെടുത്ത് എറിയുമെന്ന് ചാവക്കാട് വിജിത്ത് കെ വിജയൻ ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങൾ ആരോപിച്ചിരുന്നു. ഇതോടെ പള്ളി അധികൃതർ മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും പരിപാടി നടത്താൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സമ്മതം മൂളുകയും ചെയ്തു. എന്നാൽ സമയം ഏറെ വൈകിയതിനാൽ പരിപാടി നടത്താനായില്ല. ഇതോടെ ചരിത്രത്തിൽ ആദ്യമായി കരോൾ ഗാനം മുടങ്ങുകയും ചെയ്തു. സംഭവം വിവാദമായതോടെയാണ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇന്ന് പള്ളിയിലെത്തിയിരുന്നു. സി.പി.എം, കോൺഗ്രസ്, മുസ്ലിം ലീഗ്, എസ്ഡിപിഐ, വെൽഫയർ പാർട്ടി നേതാക്കളാണ് പാലയൂർ തീർത്ഥ കേന്ദ്രത്തിലെത്തിയത്.
പാലയൂരിൽ ചാവക്കാട് എസ്.ഐയുടെ ‘കരോൾ കലക്കലി’നെതിരെ വ്യാപക പ്രതിഷേധം; രാഷ്ട്രീയ പാർട്ടി നേതാക്കൾ പള്ളിയിൽ സന്ദർശനം നടത്തി