Friday, January 24, 2025

എന്‍.സി.സി ക്യാമ്പിനിടെ ഭക്ഷ്യവിഷബാധ; എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കൊച്ചി: എന്‍സിസി 21 കേരള ബറ്റാലിയന്‍ ക്യാമ്പില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കാക്കര കെഎംഎം കോളജിലെ ക്യാമ്പിലാണ് സംഭവം. അഞ്ഞൂറിലേറെ വിദ്യാര്‍ഥികളാണ് ഈ ക്യാമ്പില്‍ ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ക്യാമ്പ് അവസാനിപ്പിച്ചതായി പോലീസ് അറിയിച്ചു.

തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാര്‍കള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളാരംഭിച്ചത്. ക്യാമ്പില്‍ വിതരണം ചെയ്ത ഭക്ഷണം പഴകിയതായിരുന്നുവെന്ന് വിദ്യാര്‍ഥികളില്‍ ചിലര്‍ ആരോപിച്ചു. വൈകിട്ടോടെ ഒട്ടേറെ പേര്‍ ക്ഷീണിതരായി തളര്‍ന്നുവീണു. പൊലീസ് വാഹനങ്ങളിലും ആംബുലന്‍സുകളിലുമായാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്.

കൂടുതല്‍ പേര്‍ക്കും കഠിനമായ വയറുവേദനയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ മാസം 20നാണ് ക്യാംപ് തുടങ്ങിയത്. വിഷയത്തില്‍ ഡി.എം.ഒയും കളക്ടറും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

വാര്‍ത്തയറിഞ്ഞ് രക്ഷിതാക്കളും അധ്യാപകരും ക്യാമ്പ് നടക്കുന്ന കോളേജിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ക്യാമ്പ് നടക്കുന്ന സ്ഥലത്തേക്ക് രക്ഷിതാക്കളെ പ്രവേശിപ്പിക്കാതിരുന്നത് വാക്കുതര്‍ക്കത്തിനിടയാക്കി. രക്ഷിതാക്കളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments