ചാവക്കാട്: ക്രിസ്മസിന് മുന്നോടിയായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ നിന്നും ആരംഭിച്ച ബോൺ നതാലേ കരോൾ പ്രയാണം ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ സമാപിച്ചു. കുടുംബ കൂട്ടായ്മകൾ ഒരുക്കിയ ദൃശ്യവതരണം, കരോൾ നൃത്തം, ക്രിസ്തുമസ് പാപ്പാമാർ എന്നിവ ബോൺ നതാലേ കരോൾ പ്രയാണത്തിന് മിഴിവേകി. നഗരസഭ കൂട്ടുങ്ങൽ ചത്വരത്തിൽ സംഘടിപ്പിച്ച സമാപനം എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ക്രിസ്തുമസ്സ് സന്ദേശം നൽകി. പരിപാടികൾക്ക് തീർത്ഥ കേന്ദ്രം അസി. വികാരി ഫാ. ഡെറിൻ അരിമ്പൂർ, ഇടവക ട്രസ്റ്റി ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്, ചാവക്കാട് മുൻസിപ്പൽ കൗൺസിലർ ജോയ്സി ആന്റണി, സി.ഡി ലോറൻസ് എന്നിവർ സംസാരിച്ചു. ട്രസ്റ്റിമാരായ സേവ്യർ വാകയിൽ, ചാക്കോ പുലിക്കോട്ടിൽ, പി.എ ഹൈസൺ, കൺവീനർ കെ.ജെ പോൾ എന്നിവർ നേതൃത്വം നൽകി. ക്രിസ്മസ്സ് പാതിരാ കുർബാനയും മറ്റു തിരുകർമങ്ങളും 24 ന് രാത്രി 11.30ന് ആരംഭിക്കും. തിരുക്കർമങ്ങൾക്ക് സീറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ റാഫേൽ തട്ടിൽ മുഖ്യ കർമ്മികനാകും. തിരുകർമ്മങ്ങൾക്ക് മുന്നോടിയായി ക്രിസ്തുമസ്സ് ഈവ് ചൊവ്വാഴ്ച വൈകീട്ട് 9 മണി മുതൽ സംഘടിപ്പിക്കും. കരോൾ ഗാനങ്ങൾ തുടങ്ങി നിരവധി ക്രിസ്തുമസ്സ് ആഘോഷങ്ങൾ ഉണ്ടായിരിക്കും. തീർത്ഥ കേന്ദ്രത്തിലെ യുവജനസംഘടനയായ കെ.സി.വൈ.എം പാലയൂർ ഒരുക്കുന്ന ക്രിസ്തുമസ്സ് പുൽകൂട് ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ ഉദ്ഘാടനം നിർവഹിക്കും. കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ നക്ഷത്രമത്സരവും ഉണ്ടായിരിക്കും.കൂടാതെ മാതൃവേദി സംഘടിപ്പിക്കുന്ന ലക്കി മദർ, ലക്കി ചൈൽഡ് എന്നിവർക്കുള്ള നറക്കെടുപ്പും യൂത്ത് സി.എൽ.സി സംഘടിപ്പിക്കുന്ന നാനോ ക്രിബ് മത്സരവും കെ.സി.വൈ.എം പാലയൂർ സംഘടിപ്പിക്കുന്ന വീടുകളിലെ ക്രിബ് മത്സരം, സെന്റ് വിൻസെന്റ് ഡി പോൾ സംഘടിപ്പിക്കുന്ന ലക്കി ഫാദർ, കത്തോലിക്ക കോൺഗ്രസ്സ് സംഘടിപ്പിക്കുന്ന ലക്കി ഫാമിലി തിരഞ്ഞെടുപ്പും ഉണ്ടായിരിക്കും. 25 ന് രാവിലെ രാവിലെ 7മണിക്ക് പാലയൂർ തീർത്ഥ കേന്ദ്രത്തിലും മമ്മിയൂർ മഠം കപ്പളയിൽ 6നും, പാലുവായ് മഠം കപ്പേളയിൽ 7:30നും വിശുദ്ധ ബലി ഉണ്ടായിരിക്കും.