ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴ ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിന്‍റെ ഉദ്ഘാടനവും ഒന്നാം നിലയുടെ നിര്‍മ്മാണോദ്ഘാടനവും ഡിസംബർ 24 ന് നടക്കുമെന്ന് എന്‍.കെ അക്ബർ എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍ ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിക്കും.
1926 ല്‍ സ്ഥാപിതമായ ഇരട്ടപ്പുഴ ഗവ. എല്‍.പി സ്ക്കൂള്‍ അതിന്‍റെ ശതാബ്ദിയിലേക്ക് പ്രവേശിക്കുമ്പോഴാണ് വാടക കെട്ടിടത്തില്‍ നിന്നും സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നത്. കടപ്പുറം ഇരട്ടപ്പുഴയില്‍ ചെട്ടിപ്പാറന്‍ തറവാട്ട് കാരണവരായിരുന്ന അയ്യപ്പനാണ് അദ്ദേഹത്തിന്‍റെ സ്ഥലത്ത് സ്ക്കൂള്‍ കെട്ടിടം നിര്‍മ്മിച്ച് നല്‍കിയത്. ഈ സ്ഥലത്തെ വാടക കെട്ടിടത്തിലാണ് കഴിഞ്ഞ 100 വർഷമായി സ്ക്കൂള്‍ വാടകക്ക് പ്രവര്‍ത്തിച്ചിരുന്നത്. ഇരട്ടപ്പുഴ സ്കൂളിന് വേണ്ടി കടപ്പുറം ഗ്രാമപഞ്ചായത്ത് 30 സെന്‍റ് സ്ഥലം വാങ്ങി നല്‍കിയതിനെ തുടര്‍ന്നാണ് ഗുരുവായൂര്‍ എം.എല്‍.എ ആസ്തിവികസനഫണ്ടില്‍ നിന്നും 99.5 ലക്ഷം രൂപ കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുവദിച്ചത്. കെട്ടിടത്തിന്‍റെ മുകള്‍ നിലയില്‍ ക്ലാസ്സ് റൂം നിര്‍മ്മിക്കുന്നതിന് 1 കോടി രൂപ കൂടി എം.എല്‍.എയുടെ ആവശ്യപ്രകാരം 2024-25 ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.
ഈ സര്‍ക്കാര്‍ സ്ക്കൂളിന് ചെട്ടിപ്പാറന്‍ സ്ക്കൂള്‍ എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്നു. ഇതോടെ ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്കും സ്വന്തമായി കെട്ടിടം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു. ഇരട്ടപ്പുഴ ഗവ. എല്‍.പി സ്ക്കൂള്‍, അണ്ടത്തോട് ഗവ.എല്‍.പി സ്ക്കൂള്‍, കുരഞ്ഞിയൂര്‍ ഗവ എല്‍.പി സ്ക്കൂള്‍ എന്നിവക്ക് സ്ഥലം ലഭ്യമാക്കി എം.എല്‍.എ ഫണ്ടും സര്‍ക്കാര്‍ ഫണ്ടും ഉപയോഗിച്ച് കെട്ടിട നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.
പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, സ്കൂൾ പ്രധാനധ്യാപിക പി.ബ ബിനിത, പി.ടി.എ പ്രസിഡന്റ് ദിലീപ് അമ്പലപ്പറമ്പിൽ, വാർഡ് മെമ്പർ പ്രസന്ന ചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.