Sunday, January 19, 2025

വീട് പണി പൂർത്തിയായിട്ടും വൈദ്യുതി ബില്ലിൽ നിർമ്മാണ താരിഫ് ഈടാക്കി; കെ എസ്.ഇ.ബി ക്കെതിരെ ഉപഭോക്തൃ കോടതി വിധി

തൃശൂർ: വീട് പണി പൂർത്തിയായിട്ടും കെ എസ് ഇ ബി നിർമ്മാണ താരിഫിൽ തന്നെ ബില്ലുകൾ നൽകിയതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തളിക്കുളം സ്നേഹതീരം റോഡിൽ തൊഴുത്തുംപറമ്പിൽ വീട്ടിൽ ടി.ആർ മഹേഷ് ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ തളിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻറ് എഞ്ചിനീയർ, തിരുവനന്തപുരത്തെ സെക്രട്ടറി എന്നിവർക്കെതിരെ വിധിയായത്. 

    വീട് പണിക്ക് ശേഷം അപേക്ഷ പരിഗണിച്ച് പരിശോധനകൾ നടത്തി വൈദ്യുതി ബോർഡ് മഹേഷിന് ത്രീ ഫേസ് കണക്ഷൻ നൽകിയിരുന്നു. തുടർന്ന് വരുന്ന ബില്ലുകളിലെ തുക അധികമെന്ന് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോൾ നിർമ്മാണ താരിഫിൽ തന്നെയാണ് ബില്ലുകൾ വരുന്നതെന്ന് വ്യക്തമായി. പരാതിപ്പെട്ടിട്ടും ഫലമുണ്ടാവാതിരുന്നതിനെ തുടർന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. അപേക്ഷകൾ പരിഗണിക്കുക മാത്രമല്ല അതിനനുസരിച്ച് വൈദ്യുതി ബോർഡ് പ്രവർത്തിക്കേണ്ടതു കൂടിയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. താരിഫ് മാറ്റി നൽകാതിരുന്നത് വൈദ്യുതി ബോർഡിൻ്റെ ഭാഗത്തു നിന്നുള്ള സേവനത്തിലെ വീഴ്ച്ചയും അനുചിത കച്ചവട ഇടപാടുമാണെന്ന് കോടതി വിലയിരുത്തി. 

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരനിൽ നിന്ന് കൂടുതലായി ഈടാക്കിയ തുക തിരിച്ചു നൽകുകയോ, അടുത്തു വരുന്ന ബില്ലുകളിലേക്ക് വരവു വെക്കുകയോ ചെയ്യണമെന്നും, നഷ്ടപരിഹാരമായി 

15,000 രൂപയും, ചിലവിലേക്ക് 5,000 

രൂപയും നൽകണമെന്നും കൽപ്പിച്ച് 

വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരനു വേണ്ടി അഡ്വ എ.ഡി ബെന്നി ഹാജരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments