ചാവക്കാട്: പതിവ് തെറ്റിച്ചില്ല, സംരക്ഷകരെ തേടി പുത്തൻകടപ്പുറം കടൽതീരത്ത് കടലാമ മുട്ടയിടാനെത്തി. ഇന്നലെ രാത്രിയിലാണ് പുത്തൻ കടപ്പുറം ചീനിച്ചുവട് ഭാഗത്ത് കടലാമ മുട്ടയിട്ടു മടങ്ങിയത്. 91 മുട്ടകൾ ഉണ്ടായിരുന്നു. കടലാമ മുട്ടകൾ ഹാച്ചറിയിലേക്ക് മാറ്റി പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതി സംരക്ഷണമൊരുക്കി. കടലാമ മുട്ടയിട്ടു മടങ്ങിയ ശേഷമാണ് പ്രവർത്തകർ വിവരമറിഞ്ഞത്. ഇനി 45 ദിവസം രാവും പകലും സൂര്യ കടലാമ സംരക്ഷണ സമിതി പ്രവർത്തകർ കടലാമുട്ടകൾക്ക് കാവലിരിക്കും. സമിതി പ്രസിഡണ്ട് പി.എ സെയ്തു മുഹമ്മദ്, സമിതി അംഗങ്ങളായ പി.എ നെസീർ, കെ.എസ് ഷംനാദ്, പി.എൻ ഫായിസ്, പി.എ നജീബ് എന്നിവർ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.