ഗുരുവായൂർ: ഏകാദശി നാളിലെ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് കാരണം ദർശന സൗകര്യാർത്ഥം തൽക്കാലത്തേക്ക് പുറത്തേക്ക് മാറ്റിയ പ്രാദേശിക നിവാസികളുടെ ദർശനത്തിനായുള്ള ക്യൂ സിസ്റ്റം പഴയ നിലയിൽ ക്ഷേത്രത്തിനകത്ത് തന്നെ പുന:സ്ഥാപിക്കാൻ തീരുമാനം. ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. മുതിർന്ന പൗരൻമാരുടെ ക്യൂ ക്ഷേത്രത്തിന് പുറത്തുള്ള ക്യൂ കോംപ്ലക്സിൽ തന്നെ നിലനിർത്തും. ഇവിടെ ആവശ്യമായ ഫാനും വെളിച്ചവും ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കും. ചെയർമാൻ ഡോ.വി.കെ വിജയൻ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ സി മനോജ്, കെ.പി വിശ്വനാഥൻ, വി.ജി രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവർ പങ്കെടുത്തു. ഇക്കഴിഞ്ഞ ഏകാദശിക്ക് പ്രാദേശികക്കാർക്കുള്ള വരി ക്ഷേത്രത്തിനുപുറത്തേക്കു മാറ്റിയതിനെതിരേ വലിയ പ്രതിഷേധമുണ്ടായിരുന്നു. ക്ഷേത്ര പ്രാദേശികസമിതിയും വിവിധ രാഷ്ടീയകക്ഷികളും വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. വരി പഴയതുപോലെയാക്കിയതിൽ ദേവസ്വം ഭരണസമിതിയെ അനുമോദിക്കുന്നതായി ക്ഷേത്ര പ്രാദേശികസമിതി പത്രക്കുറിപ്പിൽ അറിയിച്ചു.