ന്യൂഡല്‍ഹി: അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പാര്‍ലമെന്റിലുണ്ടായ സംഘര്‍ഷത്തില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണപക്ഷവും പ്രതിപക്ഷവും. കോണ്‍ഗ്രസ് എംപിമാരുടെ സമാധാനപരമായ പ്രതിഷേധം ബിജെപി തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി ഗുണ്ടയെപ്പോലെ പെരുമാറിയെന്നാരോപിച്ച് കേന്ദ്ര മന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും രംഗത്തെത്തി. പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം വാര്‍ത്താസമ്മേളനം നടത്തിയാണ് ഇരുപാര്‍ട്ടി നേതാക്കളും പരസ്പരം ആരോപണം ഉന്നയിച്ചത്.
നേരത്തെ സംഘര്‍ഷങ്ങള്‍ക്കിടെ പരിക്കേറ്റ് രണ്ട് ബിജെപി എംപിമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി തള്ളിയതാണെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി എംപിമാര്‍ തള്ളിയതിനെത്തുടര്‍ന്ന് തനിക്കും പരിക്കേറ്റെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപണം ആവര്‍ത്തിച്ചു.
‘അവര്‍ (ബിജെപി എംപിമാര്‍) ഞങ്ങളെ കവാടത്തില്‍ തടഞ്ഞു നിര്‍ത്തി. തങ്ങളുടെ മസില്‍ പവര്‍ കാണിക്കാനാണ് അവരത് ചെയ്തത്. അവര്‍ ഞങ്ങളെ ബലമായി ആക്രമിച്ചു. ഞാന്‍ ആരെയും തള്ളാനുള്ള അവസ്ഥയിലല്ല, പക്ഷേ അവര്‍ എന്നെ തള്ളി. ഞങ്ങള്‍ അവരെ തള്ളിയെന്നാണ് ഇപ്പോള്‍ അവര്‍ കുറ്റപ്പെടുത്തുന്നത്…അങ്ങനെ ബി.ജെ.പിക്കാര്‍ ഉണ്ടാക്കിയ അന്തരീക്ഷം ഒരിക്കലും സഹിക്കില്ല, ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരും. സമാധാനപരമായി നടന്ന സഭ, ആ സഭ തടസ്സപ്പെടുത്തി, സമാധാനം തകര്‍ക്കുന്ന പണിയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്.’ ഖാര്‍ഗെ പറഞ്ഞു.
ബിജെപി എംപിമാര്‍ വടികളുമായിട്ടാണ് തങ്ങളെ തടഞ്ഞതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അംബേദ്കറെ കുറിച്ചുള്ള പരാമര്‍ശത്തില്‍നിന്നും അദാനി വിഷയത്തില്‍ നിന്നും ആളുകളെ ശ്രദ്ധതിരിക്കുന്നതിനാണ് ബിജെപി ഇത്തരത്തിലുള്ള സംഘര്‍ഷം സൃഷ്ടിച്ചതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘പാര്‍ലമെന്റ് സമ്മേളനത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, അമേരിക്കയില്‍ അദാനി കേസ് ഉയര്‍ന്നുവന്നു, അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തടയാന്‍ ബിജെപി ശ്രമിച്ചു. ബിജെപിയുടെ അടിസ്ഥാന തന്ത്രം അത് ചര്‍ച്ചയാകാന്‍ പാടില്ല. അദാനി കേസിലെ ചര്‍ച്ച അടിച്ചമര്‍ത്തപ്പെടണമെന്ന് അവര്‍ ആഗ്രഹിച്ചു. അതിനു പിന്നാലെ അമിത് ഷായുടെ പ്രസ്താവന വന്നു, ബിജെപിയുടെയും ആര്‍എസ്എസിന്റെയും ചിന്ത ഭരണഘടനാ വിരുദ്ധവും അംബേദ്കര്‍ വിരുദ്ധവുമാണെന്ന് ഞങ്ങള്‍ ആദ്യം മുതലേ പറഞ്ഞുവരുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി എല്ലാവരുടെയും മുന്നില്‍ തന്റെ മനസ്സ് തുറന്നുകാണിച്ചു ഈ പ്രസ്താവനയിലൂടെ. അദ്ദേഹത്തോട് മാപ്പ് പറയണമെന്നും രാജിവെക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ അദ്ദേഹം (അമിത് ഷാ) അത് നിരസിച്ചു’ രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.