കൊച്ചി: തദ്ദേശ വാർഡ് വിഭജനത്തിൽ സർക്കാരിന് തിരിച്ചടി. ഏഴ് നഗരസഭകളിലെ വാർഡുകൾ വിഭജിക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വാർഡുകൾ വിഭജിക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫറോക്ക്, കൊടുവള്ളി, മുക്കം, പാനൂർ, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം എന്നിവയാണ് വിഭജനം റദ്ദാക്കിയ വാർഡുകൾ.
അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് വാർഡുകൾ വിഭജിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവും പുറത്തിറങ്ങിയിരുന്നു. ഇതിനെതിരെ രാഷ്ട്രീയമായ എതിർപ്പുകൾ വ്യാപകമായി ഉയർന്നു. ഇതിനിടയിലാണ് ഒരു കൂട്ടം കൗൺസിലർമാർ ഹൈക്കോടതിയെ സമീപിച്ചത്. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ഉത്തരവ് റദ്ദാക്കണമെന്നാണ് അവർ ആവശ്യപ്പെട്ടിരുന്നത്.
2011-ലാണ് ഏറ്റവുമൊടുവിൽ ജനസംഖ്യാ കണക്കെടുപ്പ് നടന്നത്. 2015-ൽ വാർഡ് വിഭജനം നടന്നു. എന്നാൽ നിലവിലെ വാർഡ് പുനർവിഭജന തീരുമാനം കഴിഞ്ഞ സെൻസസിനെ അടിസ്ഥാനപ്പെടുത്തിയാണ് നടന്നിട്ടുള്ളത്. ഈ നീക്കം അശാസ്ത്രീയമാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടിയത്. നിലവിലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ വാർഡ് വിഭജിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇതാണിപ്പോൾ ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്.
മുസ്ലീം ലീഗ് കൗൺസിലർമാരാണ് വാർഡ് വിഭജനത്തെ എതിർത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അതേസമയം സംസ്ഥാനത്തെ മുഴുവൻ വാർഡ് വിഭജനവും റദ്ദാക്കിയിട്ടില്ല.