Tuesday, December 17, 2024

ഹെൽത്തി കേരള; ഒരുമനയൂർ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന; ഒരു കട അടപ്പിച്ചു, ആറ് കടകൾക്ക് പിഴ, അഞ്ച് കടകൾക്ക് നോട്ടീസ്

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്തിൽ ഹെൽത്തി കേരളയുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പരിശോധന. ഒരു കട അടപ്പിച്ചു. ആറ് കടകൾക്ക് പിഴ ചുമത്തി. അഞ്ച് കടകൾക്ക് നോട്ടീസ് നൽകി. ഒരുമനയൂർ പഞ്ചായത്തിലെ മുത്തമ്മാവ് മുതൽ ചേറ്റുവ വരെയുള്ള കടകളിലാണ്  ആരോഗ്യവകുപ്പും ഒരുമനയൂർ പഞ്ചായത്തും സംയുക്തമായി പരിശോധന നടത്തിയത്. വഴിയോര  കച്ചവട സ്ഥാപനങ്ങൾ, കൂൾബാർ, ബേക്കറി,  ഹോട്ടൽ, കോഴിക്കട, ഓഡിറ്റോറിയം, പലഹാരകടകൾ, ബാർബർ ഷോപ്പ്, അലക്ക് വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പഴയ ചേറ്റുവ ടോളിന് സമീപം എൻ.എച്ച് – 66 സ്റ്റാൾ കൂൾഡ്രിംഗ്സ് ആൻ്റ് ഫ്രഷ് ജ്യൂസ് എന്ന സ്ഥാപനം താൽക്കാലികമായി അടപ്പിച്ചു. മലിനജലം പുറത്ത് കെട്ടിക്കിടക്കുന്നതും കൊതുക് വളരാൻ സാഹചര്യം ഉണ്ടാക്കിയതും പഴകിയ ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിച്ചതുമായ ആറ് കടകൾക്ക് 5000 രൂപ വീതം  പിഴ ചുമത്തി. ഹെൽത്ത് കാർഡ് ഇല്ലാത്ത പാചക തൊഴിലാളികൾ, ലൈസൻസെടുക്കാത്ത സ്ഥാപനങ്ങൾ, കുടിവെള്ള പരിശോധന നടത്താത്ത ജ്യൂസ് കടകൾ,  ഹരിത നിയമം പാലിക്കാത്ത സ്ഥാപനങ്ങൾ, നിരോധിത പ്ലാസ്റ്റിക് കൈവശം വെച്ചവർ തുടങ്ങിയ 5 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഒരുമനയൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ്  പി.എം വിദ്യാസാഗർ, ജൂനിയർ  ഹെൽത്ത് ഇൻസ്പെക്ടർ എച്ച്.ജെ സുഷിജ, പഞ്ചായത്ത് സീനിയർ ക്ലർക്ക് രാജേഷ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments