Tuesday, December 17, 2024

ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി വലിച്ചിഴച്ച സംഭവം: പ്രതികൾ കസ്റ്റഡിയിൽ

കൽപറ്റ: മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ കസ്റ്റഡിയിൽ. കാറിലുണ്ടായിരുന്ന നാലുപ്രതികളിൽ, കണിയാമ്പറ്റ സ്വദേശി മുഹമ്മദ് ഹർഷിദ് , അഭിരാം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. സംഭവം നടക്കുമ്പോൾ ഹർഷിദ് ആണ് കാർ ഓടിച്ചിരുന്നത് എന്ന് നേരത്തേ വ്യക്തമായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി യുവാവ് മാതനെ സന്ദർശിച്ച ശേഷം മന്ത്രി ഒ.ആർ.കേളുവാണ് പ്രതികൾ കസ്റ്റഡിയിലുണ്ടെന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംഭവമുണ്ടായ മേഖലയിൽ പോലീസിന്റെ പട്രോളിങും കൂടുതൽ നിയന്ത്രണങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതികൾ സഞ്ചരിച്ച KL52 H 8733 നമ്പർ സെലേറിയോ കാർ നേരത്തേ മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കണിയാമ്പറ്റയിൽ നിന്നാണ് കാർ കണ്ടെടുത്തത്. കാർ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.

ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കൂടൽക്കടവിൽ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട നാട്ടുകാരനായ മാതനെ സംഘം ആക്രമിക്കുകയായിരുന്നു. അക്രമിസംഘം സഞ്ചരിച്ച കാർ പ്രദേശത്തെ ഒരു കടയുടെ മുന്നിൽനിർത്തുകയും അസഭ്യം പറയുകയുമായിരുന്നു.

പിന്നിൽ വരികയായിരുന്ന മറ്റൊരു കാറിലുണ്ടായിരുന്നവരെ കല്ലെടുത്ത് അക്രമിക്കാൻ ഇവർ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ചതോടെ മാതനെ സംഘം ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈ കാറിന്റെ ഡോറിനുള്ളിൽ കുടുക്കി അരകിലോമീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴച്ചു. കൈകാലുകൾക്കും നടുവിനും ​ഗുരുതരമായി പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments