കോതമംഗലം: യുവാവിനെ കാട്ടാന കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്നു യുഡിഎഫ് ഹര്‍ത്താല്‍. കവന്യമൃഗ ശല്യം തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കോതമംഗലം ഡിഎഫ്ഒ ഓഫിസിലേക്കു പ്രതിഷേധ റാലിയും നടക്കും. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് എല്‍ദോസ് (45) ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ജോലി കഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസില്‍ വന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കാട്ടാന എല്‍ദോസിനെ ആക്രമിച്ചത്. ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്റ്റേഷന് അരകിലോമീറ്റര്‍ അകലെയാണ് സംഭവം.
തിങ്കളാഴ്ച രാത്രി 8.45-നും ഒമ്പതുമണിക്കും ഇടയ്ക്കാണ് ദാരുണമായ സംഭവം ഉണ്ടായത്. എല്‍ദോസിന് പിന്നാലെ വന്നിരുന്നയാള്‍ പറഞ്ഞാണ് വിവരം പുറംലോകമറിഞ്ഞത്. സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും വനംവകുപ്പ് വേണ്ടരീതിയില്‍ നടപടികള്‍ എടുത്തില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. എല്‍ദോസിന്റെ മരണം പുറത്തറിഞ്ഞതോടെ ഉണ്ടായ പ്രതിഷേധം കലക്ടര്‍ എത്തി ഉറപ്പ് നല്‍കിയതിന് ശേഷമാണ് അടങ്ങിയത്.
മൃതദേഹം സ്ഥലത്തുനിന്നു മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. പ്രതിഷേധം 5 മണിക്കൂറോളം നീണ്ടു. കലക്ടര്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ പുലര്‍ച്ചെ രണ്ടിനാണു പ്രതിഷേധം അവസാനിച്ചത്. എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കി. 27ന് കലക്ടര്‍ അവലോകന യോഗം വിളിച്ചു. 5 ദിവസത്തിനുള്ളില്‍ സ്ഥലത്തു തെരുവുവിളക്കുകള്‍ സ്ഥാപിക്കും. ട്രഞ്ച് നിര്‍മാണം ഇന്നാരംഭിക്കും. ഫെന്‍സിങ് നടപടി വേഗത്തിലാക്കും.