Sunday, December 15, 2024

മലേഷ്യയില്‍ ഹണിമൂണ്‍ കഴിഞ്ഞ് മടങ്ങുംവഴി അപകടം; വീട്ടിലേക്ക് എത്താന്‍ 7 കിലോമീറ്റര്‍ മാത്രം ബാക്കി

പത്തനംതിട്ട: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത് നവദമ്പതികളും അവരുടെ അച്ഛന്മാരും. കുമ്പഴ മല്ലശ്ശേരി സ്വദേശികളായ നിഖില്‍ മത്തായി, അനു നിഖില്‍, നിഖിലിന്റെ പിതാവ് മത്തായി ഈപ്പന്‍, അനുവിന്റെ പിതാവ് ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലിനാണ് അപകടം.
മലേഷ്യയില്‍ ഹണിമൂണ്‍ ആസ്വദിക്കാന്‍ പോയ ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടം. നവംബര്‍ 30-ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചായിരുന്നു അനുവിന്റേയും നിഖിലിന്റേയും വിവാഹം. യു.കെയില്‍ ജോലി ചെയ്യുകയായിരുന്നു നിഖില്‍. അനു എംഎസ്ഡബ്ല്യു പൂര്‍ത്തിയാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് യാത്ര പുറപ്പെട്ടത്.

അമിതവേഗത്തില്‍ എത്തിയ കാര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. വീട്ടിലേക്ക് എത്തുന്നതിന് എഴ്‌കിലോമീറ്റര്‍ മാത്രം അകലെവെച്ചായിരുന്നു അപകടം. ബിജു ആണ് കാര്‍ ഓടിച്ചിരുന്നത്. അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജും നിഖിലിന്റെ പിതാവ് ഈപ്പന്‍ മത്തായിയുമായിരുന്നു കാറിന്റെ മുന്‍സീറ്റില്‍ ഉണ്ടായിരുന്നത്. പിന്‍ സിറ്റിലായിരുന്നു നിഖിലും അനുവും.

തെലങ്കാനയില്‍ നിന്നുള്ള ശബരിബല തീര്‍ത്ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവരുടെ വണ്ടിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു എന്നാണ് സമീപത്തുള്ളവര്‍ പറയുന്നത്. വാഹനത്തിലുള്ളവര്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൂന്നു പേര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്. ബസില്‍ ഉണ്ടായിരുന്ന അയ്യപ്പന്മാര്‍ക്കും നിസാര പരിക്കുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments