ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ ഉപ്പുവെള്ള ഭീഷണിക്ക് പരിഹാരമായി അണ്ടാരത്തോട് ബണ്ടിന്റെ കരഭാഗം മണ്ണിട്ട് ഉയർത്തി താത്കാലിക തടയണ നിർമ്മിച്ച് ഏങ്ങണ്ടിയൂർ പഞ്ചായത്ത്. ഒമ്പതാം വാർഡിൽ ഉപ്പ്‌വെള്ളം തടഞ്ഞു നിറുത്തുന്നതിനായി കെട്ടിയ അണ്ടാരത്തോട് ബണ്ടിന്റെ തകർന്ന ഭാഗങ്ങളിലൂടെ ഉപ്പുവെള്ളം കരയിലേക്ക് കയറി ഈ മേഖലയിൽ വ്യാപകമായി കൃഷി നശിച്ചിരുന്നു. മേഖലയിലെ കൃഷിയിടങ്ങളെയും കുടിവെള്ള സ്രോതസ്സുകളെയും അത് ഗുരുതരമായി ബാധിക്കുകയും ചെയ്തു. ഇതോടെ പഞ്ചായത്ത് ഭരണസമിതി എൻ.കെ അക്ബർ എം.എൽ.എയുമായി ബന്ധപ്പെട്ട് പുതിയ ബണ്ടും ചീപ്പുകളും കെട്ടാൻ പദ്ധതി തയ്യാറാക്കി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഇറിഗേഷൻ വകുപ്പിന് പദ്ധതി കൈമാറുകയും ചെയ്തു.
ഇറിഗേഷൻ വകുപ്പ് ഏറ്റെടുത്ത ഒന്നരക്കോടി രൂപയുടെ പ്രൊജക്ട് എങ്ങുമെത്തിയില്ല. പദ്ധതി ഉടൻ നടപ്പാകാതെ വന്നതോടെ പഞ്ചായത്ത് തന്നെ ഉപ്പ് വെള്ള ഭീഷണി തടയാൻ താത്കാലിക പരിഹാരം കണ്ടെത്തുകയായിരുന്നു. മൂന്നര ലക്ഷത്തോളം രൂപയോളം ചെലവഴിച്ച് ബണ്ടിന്റെ കരഭാഗം മണ്ണിട്ടുയർത്തി താത്കാലിക തടയണകൾ ഉണ്ടാക്കുകയായിരുന്നു പഞ്ചായത്ത്. വൃശ്ചിക വേലിയേറ്റം എത്തുന്നതിനു മുമ്പ് തന്നെ ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതോടെ മേഖലയിലെ ഉപ്പ് വെള്ള ഭീഷണിക്ക് താത്കാലിക പരിഹാരമായി. അണ്ടാരത്തോട് ബണ്ട് ബലപ്പെടുത്തുന്ന ഇറിഗേഷൻ വകുപ്പിന്റെ ഒന്നരക്കോടി രൂപയുടെ പദ്ധതി ടെണ്ടർ നടപടി പൂർത്തീകരിച്ച് ഉടൻ ആരംഭിക്കുമെന്നാണ് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും പ്രതീക്ഷ.
അണ്ടാരത്തോട് ബണ്ടിന്റെ കരഭാഗം മണ്ണിട്ട് ഉയർത്തി; ഏങ്ങണ്ടിയൂരിൽ ഉപ്പുവെള്ള ഭീഷണിക്ക് പരിഹാരം
RELATED ARTICLES