പുന്നയൂർക്കുളം: ഗുരുവായൂരിലെ റെയിൽവേ വികസനവും വടക്കോട്ടുള്ള റെയിൽപ്പാതയും യാഥാർഥ്യമാക്കണമെന്ന് സി.പി.എം ചാവക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഗുരുവായൂർ നഗരസഭ, പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടാടൻ പാടശേഖരം പൂർണമായും കൃഷിയോഗ്യമാക്കുക, കടൽത്തീരത്തെയും കായലുകളെയും ഉപ്പുങ്ങൽക്കടവ് തുടങ്ങിയവയേയും കൂട്ടിച്ചേർക്കുന്ന വിധത്തിൽ പ്രാദേശിക ഫാം ടൂറിസം വികസിപ്പിക്കുക, ഉത്സവകാലത്ത് പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കുക, കെ.എസ്.ആർ.ടി.സിയുടെ പുതിയ ബജറ്റ് ടൂർ പദ്ധതിയിൽ ഗുരുവായൂർ മേഖലയെ ഉൾപ്പെടുത്തുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പൊതു ചർച്ചയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.വി അബ്ദുൾ ഖാദറും സംഘടനാ റിപ്പോർട്ടിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം മുരളി പെരുനെല്ലിയും പ്രവർത്തന റിപ്പോർട്ടിൽ ഏരിയ സെക്രട്ടറി ടി.ടി ശിവദാസും മറുപടി പറഞ്ഞു. എം.സി സുനിൽകുമാർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. 14 ലോക്കലിൽ നിന്നായി 39 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും നടക്കും. മന്ദലാംകുന്ന് കിണർ പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും. പൊതുസമ്മേളനം അണ്ടത്തോട് സെൻ്ററിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യും.