പാലക്കാട്: പനയമ്പാടത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി മറിഞ്ഞ് നാല് കുട്ടികൾ മരിച്ച സംഭവത്തിൽ രണ്ട് ലോറികളുടെയും ഡ്രൈവർമാരെ റിമാൻഡ് ചെയ്തു. വഴിക്കടവ് സ്വദേശി പ്രജീഷ്, കാസർകോട് സ്വദേശി മഹീന്ദ്രപ്രസാദ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്.
പ്രജീഷിനെതിരേ മനപ്പൂർവമായ നരഹത്യാകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തനിക്ക് പറ്റിയ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രജീഷ് പോലീസിനോട് സമ്മതിച്ചിരുന്നു. ഒരു ബൈക്ക് കുറുകേ ചാടിയെന്നും പക്ഷേ താനത് ശ്രദ്ധിക്കാതെ പോയപ്പോഴുള്ള പിഴവാണ് അപകടത്തിന് കാരണമെന്നുമാണ് പ്രജീഷ് പോലീസിന് മൊഴി നൽകിയത്.
പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ കരിമ്പ പനയംപാടത്തായിരുന്നു അപകടം ഉണ്ടായത്. കരിമ്പ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എട്ടാംക്ലാസ് വിദ്യാർഥിനികളായ കരിമ്പ ചെറൂളി പേട്ടേത്തൊടിവീട്ടിൽ റഫീഖിന്റെ മകൾ റിദ (13), പള്ളിപ്പുറം വീട്ടിൽ അബ്ദുൾ സലാമിന്റെ മകൾ ഇർഫാന ഷെറിൻ (13), കവുളേങ്ങൽ വീട്ടിൽ സലീമിന്റെ മകൾ നിത ഫാത്തിമ (13), അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീന്റെ മകൾ അയിഷ (13) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് മൂന്നേമുക്കാലോടെയായിരുന്നു അപകടം. സ്‌കൂളിൽനിന്ന് റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന അഞ്ച് കുട്ടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ലോറി വരുന്നതുകണ്ട് മറുവശത്തേക്ക് ഓടിമാറിയ ഒരു കുട്ടി രക്ഷപ്പെട്ടു. ബാക്കി നാലുപേർ ലോറിക്കടിയിലും സമീപത്തെ ചാലിനിടയിലുമായി കുടുങ്ങിയനിലയിലായിരുന്നു.
സിമന്റുമായെത്തിയ ലോറി മണ്ണാർക്കാട് ഭാഗത്തേക്കു പോവുകയായിരുന്നു. പനയംപാടത്തെ കയറ്റം കയറിയ ലോറിയുടെ മുന്നിൽ മണ്ണാർക്കാട് ഭാഗത്തുനിന്നെത്തിയ മറ്റൊരു ലോറി ഇടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് കരുതുന്നത്. സംഭവസമയത്ത് ചെറിയ ചാറ്റൽമഴയുണ്ടായിരുന്നു.