Thursday, April 3, 2025

നടുറോഡിൽ യുവതിയെ കുത്തിവീഴ്ത്തിയ ഭർത്താവ് അറസ്റ്റിൽ

പുതുക്കാട്: നടുറോഡിൽ യുവതിയെ കുത്തിവീഴ്ത്തിയ ഭർത്താവ് അറസ്റ്റിൽ. പുതുക്കാട് ബസാർ റോഡിലെ എസ്.ബി.ഐ.യിലെ സ്വീപ്പർ കൊട്ടേക്കാട് ഒളസിക്കൽ ചാക്കോയുടെ മകൾ ബിബിത(28)യ്ക്കാണ് കുത്തേറ്റത്. ദേഹമാകെ പരിക്കേറ്റ ബിബിത തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം ബിബിതയുടെ ഭർത്താവ് കേച്ചേരി കൂളവീട്ടിൽ ലെസ്റ്റി (36)നെ ദേശീയപാതയ്ക്ക് സമീപത്തുനിന്ന് പുതുക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാവിലെ ഒൻപതിനായിരുന്നു സംഭവം. ബസിറങ്ങി ബാങ്കിലേക്ക് നടന്നുപോകുന്നതിനിടെ പുതുക്കാട് പള്ളിക്ക് സമീപത്തായി ലെസ്റ്റിൻ ബിബിതയെ ആക്രമിക്കുകയായിരുന്നു. ഭയന്നോടിയ ബിബിത റോഡിൽ വീണു. വീണുകിടന്ന യുവതിയെ ലെസ്റ്റിൻ റോഡിലിട്ടും കുത്തി. ഒൻപത് കുത്തേറ്റ ബിബിതയെ നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സംഭവം സമീപത്തെ കെട്ടിടത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഇരുവരും കുറച്ചുനാളായി അകന്നുകഴിയുകയാണ്. പത്തുവയസ്സുള്ള ഇവരുടെ മകൻ ലെസ്റ്റിന്റെ കൂടെയാണ് കഴിയുന്നത്. മകന്റെ ചികിത്സയ്ക്ക് പണം നൽകാത്തതിലുള്ള വൈരവും ഭാര്യയോടുള്ള സംശയവുമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. ലെസ്റ്റിനെ കോടതിയിൽ ഹാജരാക്കി. കുറച്ചുനാളുകൾക്ക് മുൻപ് ബാങ്കിൽ എത്തി ഭാര്യയെ ആക്രമിച്ച സംഭവത്തിലും ഇയാളുടെ പേരിൽ പുതുക്കാട് പോലീസ് സ്റ്റേഷനിൽ പരാതിയുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments