Thursday, January 23, 2025

എ.സി ഹനീഫയുടെ കുടുംബത്തിനുള്ള സഹായം തട്ടിയെടുക്കാൻ ശ്രമമെന്ന്; നേതൃത്വം ഇടപെടമെന്നാവശ്യപ്പെട്ട് ഭാര്യയും കോൺഗ്രസ് നേതാവും രംഗത്ത്

തൃശൂർ: കോൺഗ്രസ് ഗ്രൂപ്പ് പോരിനെ തുടർന്ന് 2015-ൽ ചാവക്കാട്ട്‌ കുത്തേറ്റ് മരിച്ച കോൺഗ്രസ് നേതാവായിരുന്ന എ.സി ഹനീഫയുടെ കുടുംബത്തിന് കെ.പി.സി.സി നൽകിയ സഹായധനം തട്ടിയെടുക്കുന്നുവെന്ന് ആരോപണം. നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് ഹനീഫയുടെ ഭാര്യ ഷിഫ്നയും ഡി.സി.സി നിർവാഹക സമിതിയംഗം സി.എ ഗോപപ്രതാപനും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുടുംബത്തെ സഹായിക്കാൻ അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ മുൻകൈയെടുത്ത് 70 ലക്ഷം രൂപ സമാഹരിച്ചിരുന്നു. ഹനീഫയുടെ മാതാവിന്റെയും ഭാര്യയുടെയും പേരിൽ പത്തു ലക്ഷം വീതവും നാലു മക്കളുടെ പേരിൽ 12.5 ലക്ഷം രൂപ വീതവും നിക്ഷേപിച്ചിരുന്നു. അമ്മയുടെ മരണശേഷം ഹനീഫയുടെ ഒരു സഹോദരനും യൂത്ത് കോൺഗ്രസ് നേതാവായ സഹോദരപുത്രനും നിക്ഷേപത്തിൽ അവകാശമുന്നയിച്ച് ചാവക്കാട് മുൻസിഫ് കോടതിയെ സമീപിച്ചു. കോടതിയുടെ അന്തിമതീർപ്പുവരെ നിക്ഷേപം ബാങ്ക് തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിന് മുൻ ഡി.സി.സി പ്രസിഡൻ്റിന്‍റെ പിന്തുണയുണ്ടെന്നും ഗോപപ്രതാപൻ ആരോപിച്ചു. 

കോണ്‍ഗ്രസ് എ ഗ്രൂപ്പുകാരനായ ഹനീഫയെ ഐ ഗ്രൂപ്പുകാരാണ് കൊലപ്പെടുത്തിയതെന്നായിരുന്നു ആക്ഷേപം. എ.സി ഹനീഫയുടെ മരണത്തിന് പിന്നിൽ ഐ ഗ്രൂപ്പ് നേതാവ് സി.എ ഗോപപ്രതാപനാണെന്ന ആരോപണം ഉയർന്നിരുന്നു. കൊലപാതകത്തിലെ ദൃക്‌സാക്ഷിയായ ഹനീഫയുടെ ഉമ്മ അയിഷാബി നല്‍കിയ മൊഴില്‍ ഇക്കാര്യവും ഉണ്ടായി. എന്നാൽ ഗോപപ്രതാപനെ പ്രതിപ്പട്ടികയില്‍ പൊലീസ് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ ഹനീഫയുടെ കുടുംബം ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. എന്നാൽ ആരോപണ വിധേയനായ ഗോപപ്രതാപനെ പ്രതി ചേർക്കാനുള്ള തെളിവ് ലഭിച്ചിരുന്നില്ല. ചാവക്കാട് തിരുവത്ര അണ്ടത്തോട് ചാലില്‍ ഹനീഫയെ (42) 2015 ആഗസ്റ്റ് ഏഴിന് രാത്രി 10ന് വീട്ടുവളപ്പില്‍വെച്ച് മാതാവിൻ്റെ മുന്നിലിട്ടാണ് പത്തംഗസംഘം കുത്തിക്കൊലപ്പെടുത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments