Thursday, January 23, 2025

ഹൈക്കോടതി വിധി പാലിച്ച് ഏകാദശി എഴുന്നള്ളിപ്പ്; ഗജരാജൻ കേശവൻ അനുസ്മരണം ഡിസംബർ 10 ന്

ഗുരുവായൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയനുസരിച്ച് ഏകാദശിയോടനുബന്ധിച്ചുള്ള എഴുന്നളളിപ്പുകൾ, ക്ഷേത്രത്തിനുള്ളിലെ എഴുന്നള്ളിപ്പ്, കേശവൻ അനുസ്മരണം എന്നിവ നടത്താൻ  ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ആനകൾ തമ്മിലുള്ള അകലം, ആനകളും ആൾക്കാരും തമ്മിലുള്ള അകലം, ആനയും തീപ്പന്തങ്ങളും തമ്മിലുള്ള അകലം  എന്നിവയിൽ കോടതി നിർദേശ പ്രകാരമുള്ള നിബന്ധനകൾ പാലിക്കും. ശീവേലിക്കുള്ളതുപോലെ കാഴ്ച ശീവേലിക്കും ഒരു ആനയെ മാത്രമായി പരിമിതപ്പെടുത്തും. ദശമി ദിനമായ ഡിസംബർ 10 ന് നടക്കുന്ന ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് തിരുവെങ്കിടത്തു നിന്നും നിശ്ചിത അകലം പാലിച്ച് 5 ആനകളെ മാത്രം പങ്കെടുപ്പിക്കും. ഏകാദശി ദിവസത്തെ ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് രാവിലെ 6.30 മണിക്ക് പുറപ്പെടും. ഒരു ആനയാകും എഴുന്നള്ളിപ്പിൽ പങ്കെടുത്തുക. ക്ഷേത്രം കിഴക്കേദീപസ്തംഭത്തിൻ്റെ സമീപത്തു നിന്ന് പുറപ്പെട്ട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന എഴുന്നള്ളിപ്പ് തിരിച്ച് 9 മണിക്കുള്ളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ തിരിച്ചെത്തും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിലെ ശീവേലി വിളക്ക് എഴുന്നള്ളിപ്പിന് ഒരു ആനയെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്നും  യോഗം തീരുമാനിച്ചു. ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ വിജയൻ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, വി.ജി രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവർ സന്നിഹിതരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments