വടക്കാഞ്ചേരി: കുണ്ടന്നൂരിൽ പോലീസിന്റെ വൻ കഞ്ചാവ് വേട്ട. പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 80 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ മൂന്നുപേർ പിടിയിലായി.. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. തമിഴ്നാട് ധർമ്മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരാണ് പിടിയിലായത് . ഇന്ന് പുലർച്ചെ ഒരു മണിയോടെ കുണ്ടൂർ ചുങ്കത്തിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 42 ഓളം പൊതികളിലായി ടേപ്പ് ചുറ്റി ഒട്ടിച്ച നിലയിലാണ് 80 കിലോ കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന.ബൈക്കുകളിൽ തമിഴ്നാട്ടിൽ എത്തിക്കുന്ന കഞ്ചാവ് അവിടെ നിന്നും ചരക്ക് വാഹനങ്ങളിൽ കേരളത്തിലേക്ക് എത്തിക്കുകയാണ് ഇവരുടെ രീതി.
വടക്കാഞ്ചേരി എരുമപ്പെട്ടി കുന്നംകുളം മേഖലകളിൽ വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
വടക്കാഞ്ചേരി പോലീസും സിറ്റി ഡാൻസാഫ് ടീമും നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വടക്കാഞ്ചേരി സി ഐ റിജിൻ എം തോമസ്, ഗുരുവായൂർ സി ഐ പ്രേമാനന്ദകൃഷ്ണൻ, എസ്ഐ മാരായ അനുരാജ് പ്രദീപ്, എ എസ് ഐ ജിജേഷ്, എസ് സി പി ഓ അരുൺ, ബാബു, ഹോം ഗാർഡ് ഓമനക്കുട്ടൻ, സിറ്റി ഡാൻസ് ഓഫ് ടീം എന്നിവർ സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്. രക്ഷപ്പെട്ട രണ്ടുപേർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.