തിരുവനന്തപുരം: പി.വി അൻവർ എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ ആറ് മണിക്കൂർ നീണ്ടു. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് അന്വേഷണം. ആഢംബര വീട് നിര്‍മാണം, കള്ളക്കടത്ത് സ്വർണം തിരിമറി, മലപ്പുറം എസ്.പിയുടെ വസതിയിലെ മരംമുറി ഉള്‍പ്പെടെയുള്ള പരാതികളിലാണ് ചോദ്യം ചെയ്യൽ. രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കുമെന്നാണറിയുന്നത്. വിജിലൻസ് എസ്. പി കെ.എൽ. ജോണിക്കുട്ടി, ഡി.വൈ.എസ്.പി ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
അജിത് കുമാർ തനിക്ക് പറയാനുള്ളതിന്റെ രേഖകൾ കൈമാറിയെന്നാണറിയുന്നത്. അന്വേഷണ റിപ്പോർട്ട് ഈ മാസം പകുതിയോടെ തയ്യാറാക്കും. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ അജിത്കുമാറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലേക്ക് നീങ്ങും.
വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് നടന്നു കയറിയ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ സര്‍ക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത് കഴിഞ്ഞ സെപ്റ്റംബറിലാണ്. ആർ.എസ്.എസ് നേതാക്കളുമായുള്ള സ്വകാര്യക്കൂടിക്കാഴ്ച വിവാദം കത്തിനിൽക്കുമ്പോഴാണ് അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളും ഉയർന്നുവന്നത്.
മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, മലപ്പുറത്തെ ഡാൻസാഫ് ടീം എന്നിവരും അന്വേഷണ പരിധിയിലുണ്ട്. പി വി അന്‍വറിന്‍റെയും സാക്ഷികളുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന വിജിലൻസ് എസ്.പി കെ.എൽ. ജോണിക്കുട്ടി, അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഷിബു പാപ്പച്ചന്‍, എന്നിവരാണ് അജിത് കുമാറിനെ ചോദ്യം ചെയ്തത്. പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യൽ നടന്നത്.