ചാവക്കാട്: ഒരു വർഷം മുമ്പ് ഏറെ വിവാദം സൃഷ്ടിച്ച ഒരുമനയൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പ് തിരിച്ച് പിടിച്ചു. 11 ൽ 10 വോട്ടുമായി ഐക്യകണ്ഠേന ഐ ഗ്രൂപ്പിലെ ലീന സജീവനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. മുൻ ബാങ്ക് പ്രസിഡന്റ് എ.ടി മുജീബ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. കോൺഗ്രസ് ഐ ഗ്രൂപ്പും മുസ്ലിം ലീഗുമായുള്ള ധാരണ പ്രകാരമാണ് ലീന സജീവനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ എ ഗ്രൂപ്പ് ഡയറക്ടർമാരും നേതാക്കളും വിട്ടുനിന്നു. എന്നാൽ യു.ഡി.എഫ് ധാരണപ്രകാരമാണ് ലീന സജീവനെ തെരഞ്ഞെടുത്തിട്ടുള്ളതെന്ന് എ ഗ്രൂപ്പ് അംഗങ്ങൾ പറഞ്ഞു. എ ഗ്രൂപ്പ് ഡയറക്ടർമാർ തിരഞ്ഞെടുപ്പിൽ പങ്കെടുത്തിട്ടുണ്ട്. എ ഗ്രൂപ്പ് അംഗങ്ങൾ ആരും വിട്ടു നിന്നിട്ടില്ല. മറ്റുള്ള ആരോപണങ്ങൾ വാസ്തവരഹിതമാണെന്നും ഇവർ പറഞ്ഞു. റൂറൽ ബാങ്ക് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ എൻ.കെ അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, കാർഷിക ബാങ്ക് പ്രസിഡണ്ട് എച്ച്.എം നൗഫൽ, ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വി അബ്ദുൽ ഖാദർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഹംസ കാട്ടത്തറ, നളിനാക്ഷൻ ഇരട്ടപ്പുഴ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആഷിദ, കെ.ജെ ചാക്കോ, അബ്ദുൽ റസാഖ്, വി.പി അലി, ശശികല കല്ലായിൽ, ആരിഫ ജുഫ്ഫയർ, നസീർ മൂപ്പിൽ എന്നിവർ സംസാരിച്ചു.